ഇടുക്കി: തിരഞ്ഞെടുപ്പ് പ്രചരണ സാമഗ്രികളുടെ വില നിശ്ചയിക്കുന്നതിന് ജില്ലാ കളക്ടർ എച്ച്. ദിനേശന്റെ അദ്ധ്യക്ഷതയിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം കളക്ടറുടെ ചേംബറിൽ ചേർന്നു. പ്രചരണ ബാനറുകൾ, പോസ്റ്ററുകൾ, കട്ടൗട്ട്, സ്റ്റേജ്, ആഡിറ്റോറിയം, കൊടിതോരണങ്ങൾ, അനൗൺസ്‌മെന്റ്, പ്രചരണവാഹനങ്ങൾ, താത്കാലിക ഓഫീസുകൾ തുടങ്ങി ദൃശ്യ പത്രമാദ്ധ്യമങ്ങളിലെ പരസ്യം ഉൾപ്പെടെ തിരഞ്ഞെടുപ്പ് പ്രചരണ പരിപാടികൾക്ക് വിനിയോഗിക്കുന്ന സാധന സാമഗ്രികളുടെ വിലനിരക്ക് നിശ്ചയിച്ചു. ഫേസ്ബുക്ക്, വാട്ട്‌സ് ആപ്പ് തുടങ്ങിയ നവ മാധ്യമങ്ങളിലൂടെ പ്രചരണം നടത്തുന്നതിന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ നിശ്ചയിക്കുന്ന നിരക്ക് കണക്കിൽ പെടുത്താനും യോഗം തീരുമാനിച്ചു. തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകൻ എത്തിയ ശേഷം ഇതു സംബന്ധിച്ച് വീണ്ടും രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം വിളിക്കുമെന്ന് കളക്ടർ അറിയിച്ചു. യോഗത്തിൽ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ സി.വി. വർഗീസ്, എം.ഡി. അർജുനൻ, സുരേഷ് എസ്, പി. രാജൻ, സജി തടത്തിൽ, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ ജോസ് ജോർജ്, ഫിനാൻസ് ഓഫീസർ അജി ഫ്രാൻസിസ്, പി.ഡബ്ല്യു.ഡി എക്‌സ്. എൻജിനീയർ പി.കെ. രമ എന്നിവർ പങ്കെടുത്തു.