തൊടുപുഴ: ഇടതുമുന്നണി ജില്ലയിലുടനീളം സ്ഥാപിച്ചിരിക്കുന്ന ഫ്ലക്‌സ് ബോർഡിനുവേണ്ടി ചെലവഴിച്ച പണമുണ്ടായിരുന്നെങ്കിൽ രണ്ട് കർഷകരെയെങ്കിലും ആത്മഹത്യയിൽ നിന്ന് രക്ഷിക്കാമായിരുന്നുവെന്ന് പി.ജെ. ജോസഫ് എം.എൽ.എ പറഞ്ഞു. തൊടുപുഴയിൽ യു.ഡി.എഫ് ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇടുക്കിയിൽ ഡീൻ കൂര്യാക്കോസിന്റെ വിജയം കണ്ടിട്ടേ ഇനി തനിക്ക് വിശ്രമമുള്ളു. ഇടുക്കിയിലെ കാർഷികമേഖല വാഗ്ദാനലംഘനങ്ങളുടെ ശവപ്പറമ്പായി മാറി. ഇതിന് ഇടതുമുന്നണിയെയും ഇടുക്കി എം.പിയെയും കൊണ്ട് ജനങ്ങൾ മറുപടി പറയിപ്പിക്കാൻ പോകുന്ന തിരഞ്ഞെടുപ്പാണ് ആസന്നമായിരിക്കുന്നതെന്നും ജോസഫ് പറഞ്ഞു. ഡീൻ കുര്യാക്കോസിന്റെ വിജയത്തിനുവേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് യോഗം രൂപരേഖ തയ്യാറാക്കി. ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ അദ്ധ്യക്ഷത വഹിച്ചു. സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസ്, കെ.പി.സി.സി വൈസ് പ്രസിഡന്റ് എ.കെ. മണി, ഇ.എം. ആഗസ്തി, ജോയ് തോമസ്, എം.ടി. തോമസ്, റോയി കെ. പൗലോസ്, പി.പി. സുലൈമാൻ റാവുത്തർ, അഡ്വ. എസ്. അശോകൻ, എം.കെ പുരുഷോത്തമൻ എന്നിവർ പ്രസംഗിച്ചു.
നാളെ മുതൽ നേതൃയോഗങ്ങൾ
നിയമസഭ നിയോജക മണ്ഡലങ്ങളിൽ ഇന്നു മുതൽ യു.ഡി.എഫ് നേതൃയോഗങ്ങൾ സംഘടിപ്പിക്കും. ഇന്ന് രാവിലെ 11ന് ഇടുക്കിയിലും ഉച്ചകഴിഞ്ഞ് മൂന്നിന് തൊടുപുഴയിലും വൈകിട്ട് ആറിന് മുവാറ്റുപുഴയിലും യോഗങ്ങൾ ചേരും. നാളെ രാവിലെ 11ന് അടിമാലി, വൈകിട്ട് മൂന്നിന് കോതമംഗലം, 21ന് രാവിലെ 11 ന് നെടുങ്കണ്ടം, മൂന്നിന് കുമളി എന്നിവിടങ്ങളിൽ യോഗം ചേരും. സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസും യു.ഡി.എഫ് നേതാക്കളും പങ്കെടുക്കും. 23ന് ഉച്ചകഴിഞ്ഞ് രണ്ടിന് ചെറുതോണിയിൽ പാർലമെന്റ് മണ്ഡലം കൺവെൻഷൻ നടത്തും. 24 മുതൽ നിയോജകമണ്ഡലം കൺവെൻഷനുകൾ ആരംഭിക്കും. 24ന് രാവിലെ 10 ന് മൂന്നാർ, ഉച്ചകഴിഞ്ഞ് 2ന് ഉടുമ്പൻചോല, 25 ന് ഉച്ചകഴിഞ്ഞ് രണ്ടിന് കോതമംഗലം, വൈകിട്ട് നാലിന് മൂവാറ്റുപുഴ, അഞ്ചിന് തൊടുപുഴ, 26ന് മൂന്നിന് പീരുമേട് നിയോജകമണ്ഡലം കൺവെൻഷനുകൾ നടത്തും. 27, 28 തീയതികളിൽ മണ്ഡലംതല കൺവെൻഷനുകളും 30ന് ബൂത്തുതല കൺവെൻഷനുകളും പൂർത്തിയാക്കുമെന്ന് യു.ഡി.എഫ് നേതാക്കളായ അഡ്വ. എസ്. അശോകൻ, അഡ്വ. അലക്‌സ് കോഴിമല എന്നിവർ അറിയിച്ചു.