പീരുമേട്: ഏലപ്പാറയിൽ ക്ഷേത്രത്തിൽ മോഷണവും പള്ളിയിൽ മോഷണ ശ്രമവുമുണ്ടായി. കള്ളൻ ക്ഷേത്രത്തിന്റെ രണ്ട് കാണിക്കവഞ്ചികളും ദേവാലയത്തിന്റെ നേർച്ചക്കുറ്റിയും തകർത്തു. ഏലപ്പാറ ഹെലിബറിയയിലെ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന്റെ വള്ളക്കടവിലെയും പതിനാലാം മുറിയിലെയും രണ്ട് കാണിക്ക വഞ്ചികൾ മോഷ്ടാക്കൾ കുത്തി തുറന്ന് ചില്ലറ തുട്ടുകൾ വാരി വിതറിയ ശേഷം നോട്ടുകൾ കൊണ്ടു പോയതായി ക്ഷേത്ര സെക്രട്ടറി സന്തോഷ് പറഞ്ഞു. കത്തോലിക്ക പള്ളിയിലെ നേർച്ചക്കുറ്റി കുത്തി തുറക്കാൻ ശ്രമിച്ചെങ്കിലും ശ്രമം പാതിവഴിയിൽ ഉപേക്ഷിച്ച് മോഷ്ടാക്കൾ കടന്നു കളഞ്ഞതായാണ് സൂചന. തിങ്കളാഴ്ച നേർച്ചക്കുറ്റി തകർന്നു കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരിൽ ചിലർ നടത്തിയ അന്വേഷണത്തിലാണ് കാണിക്ക വഞ്ചിയും തകർത്തത് കണ്ടെത്തിയത്. പീരുമേട് പൊലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു.