ഇടുക്കി: യു.ഡി.എഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസ് ശക്തമായി തിരഞ്ഞെടുപ്പ് പ്രചരണമേഖലയിലിറങ്ങിയതോടെ ഇടുക്കി ലോക്സഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് രംഗം ചൂടുപിടിച്ചു. ഇന്നലെ യോഗങ്ങളും പര്യടനങ്ങളുമായി ഇരു സ്ഥാനാർത്ഥികളും സജീവമായിരുന്നു.
കെട്ടിവെയ്ക്കാനുള്ള പണം മ്ലാമലയിൽ നിന്ന്
എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോയ്‌സ് ജോർജിന് നാമനിർദ്ദേശ പത്രികയോടൊപ്പം കെട്ടിവെയ്ക്കാനുള്ള 25,000 മ്ലാമലയിലെ ഗ്രാമവാസികൾ നൽകും. വണ്ടിപ്പെരിയാർ പീരുമേട് പഞ്ചായത്തുകളുടെ അതിർത്തി പ്രദേശത്തെ കുടിയേറ്റ ഗ്രാമമാണ് മ്ലാമല. 100 വർഷത്തിലധികമായി ജനങ്ങൾ കുടിയേറി പാർക്കുന്ന സ്ഥലത്ത് റോഡ് എത്തിച്ചതിനുള്ല പ്രത്യുപകാരമാണിത്. പ്രധാനമന്ത്രി ഗ്രാം സടക് യോജനയിൽ ഉൾപ്പെടുത്തി കാൻഡിഡേറ്റ് റോഡായിട്ടാണ് മ്ലാമല ഗ്ലെൻമേരി റോഡ് നിർമ്മിച്ചത്. മ്ലാമല, ഗ്ലെൻമേരി, പുതുവൽ, നൂറ്റിപ്പത്ത് എന്നിവിടങ്ങളിലേക്ക് എത്താൻ 12 കിലോമീർ ചെങ്കുത്തായ കയറ്റംകയറണം. 250 കാർഷിക കുടുംബങ്ങളും എണ്ണൂറ് തോട്ടം തൊഴിലാളി കുടുംബങ്ങളുമാണ് ഇവിടെ താമസിക്കുന്നത്. റോഡും വഴിയും ഇല്ലാത്തതിനെ തുടർന്ന് 40 ൽ അധികം ചെറുപ്പക്കാരുടെ വിവാഹം മുടങ്ങിയിരുന്നു. വഴിയില്ലാത്ത സ്ഥലത്തേക്ക് പെൺകുട്ടികളെ വിവാഹം കഴിപ്പിച്ചയക്കാൻ ആരും തയ്യാറായിരുന്നില്ല. ഇവിടെ നിന്നുള്ള പെൺകുട്ടികളുടെ വിവാഹവും നടക്കാതെ വന്നു. റോഡ് നിർമ്മാണം പൂർത്തിയായതോടെ ഇതിൽ പകുതിയോളം ചെറുപ്പക്കാരും വിവാഹിതരായി. ഈ കുന്നിൻമുകളിൽ എത്തുന്ന ആദ്യത്തെ പാർലമെന്റംഗമാണ് ജോയ്‌സ് ജോർജെന്നും നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു. നാമനിർദ്ദേശ പത്രികയോടൊപ്പം കെട്ടിവെയ്ക്കുന്നതിനുള്ള 25,000 രൂപയാണ് ഗ്രാമവാസികൾ സ്വരൂപിക്കുന്നത്. ഗ്രാമവാസികളുടെ തീരുമാനത്തിൽ ഏറെ സന്തോഷവും അഭിമാനവുമുണ്ടെന്ന് സ്ഥാനാർത്ഥി അഡ്വ. ജോയ്‌സ് ജോർജ് പറഞ്ഞു.
ഇടതുമുന്നണിയുടെ രണ്ടാംഘട്ട പര്യടനത്തിന് തുടക്കം
ഇടുക്കി: എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി അഡ്വ. ജോയ്‌സ് ജോർജിന്റെ രണ്ടാംഘട്ട തെരഞ്ഞെടുപ്പ് പര്യടനത്തിന് തുടക്കം കുറിച്ചു. ഏഴ് അസംബ്ലി നിയോജക മണ്ഡലങ്ങളിലും പര്യടനം നടത്തിയാണ് ഒന്നാംഘട്ടം പൂർത്തിയാക്കിയത്. ഇന്നലെ ഉടുമ്പൻചോല മൂവാറ്റുപുഴ മണ്ഡലങ്ങളിലായിരുന്നു രണ്ടാംഘട്ട പര്യടനത്തിന്റെ ആദ്യദിനം. രാവിലെ എട്ടിന് ഇരട്ടയാറിൽ നിന്നായിരുന്നു തുടക്കം. ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സമുദായ സംഘടന ഓഫീസുകൾ എന്നിവിടങ്ങളിൽ സന്ദർശിച്ചു. ഉടുമ്പൻചോലയിൽ അസംബ്ലി നിയോജക മണ്ഡലം കൺവെൻഷനിലും വൈകിട്ട് നാലിന് മൂവാറ്റുപഴ അസംബ്ലി നിയോജക മണ്ഡലം കൺവൻഷനിലും പങ്കെടുത്തു. മൂവാറ്റുപുഴയിൽ ഒട്ടേറെ പ്രമുഖ വ്യക്തികളെ നേരിൽകണ്ട് വോട്ട് അഭ്യർത്ഥിച്ചു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തിൽ ആവേശകരമായ വരവേൽപ്പാണ് എല്ലായിടത്തും ഒരുക്കുന്നത്. പാർലമെന്റ് മണ്ഡലം കൺവൻഷനും അസംബ്ലി നിയോജക മണ്ഡലം കൺവൻഷനുകളും ഇതിനോടകം പൂർത്തിയായി. 250 മേഖലാ കൺവൻഷനുകളും പഞ്ചായത്ത് കൺവെൻഷനുകളും ചൊവ്വാഴ്ചയോടെ പൂർത്തിയാകും. ബൂത്ത് തലത്തിലേക്ക് പ്രവർത്തനം വ്യാപിപ്പിച്ചുകൊണ്ടാണ് ഇടതുമുന്നണിയുടെ പ്രവർത്തനങ്ങൾ പരോഗമിക്കുന്നത്.
ജോയ്‌സ് ഇന്ന് പീരുമേട്ടിൽ, നാളെ ദേവികുളത്ത്
ഇടുക്കി: ജോയ്‌സ് ജോർജ് ഇന്ന് പീരമേട് മണ്ഡലത്തിൽ പര്യടനം നടത്തും. രാവിലെ എട്ടിന് മാട്ടുക്കട്ടയിൽ നിന്നാണ് തുടക്കം. തുടർന്ന് അയ്യപ്പൻകോവിൽ, ഉപ്പുതറ, ഏലപ്പാറ, പീരമേട്, കൊക്കയാർ, പെരുവന്താനം പഞ്ചായത്തുകളിൽ പര്യടനം നടത്തും. നാളെ ദേവികുളം മണ്ഡലത്തിൽ അടിമാലി, പള്ളിവാസൽ, മാങ്കുളം പഞ്ചായത്തുകളിലാണ് പര്യടനം.