ചെറുതോണി: ജില്ലാസ്ഥാനത്തും പരിസര പ്രദേശങ്ങളിലും മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ് നടത്തുന്ന സംഭവങ്ങൾ പതിവാകുന്നു. ചെറുതോണി, തടിയംപാട്, കരിമ്പൻ, ചേലച്ചുവട്, മുരിക്കാശേരി, കഞ്ഞിക്കുഴി തുടങ്ങിയ ചെറിയ ടൗണുകളിൽ പ്രവർത്തിക്കുന്ന സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിലാണ് വ്യാജ സ്വർണം പണയം വയ്ക്കുന്ന സംഘം പതിവായെത്തുന്നത്. ദേശസാത്കൃത ബാങ്കുകളും തട്ടിപ്പിനിരയായിട്ടുണ്ട്. തട്ടിപ്പിനിരയായിട്ടുള്ള പല സ്ഥാപനങ്ങളും വിവരം രഹസ്യമാക്കി വച്ചിരിക്കുകയാണ്. ചെറുതോണിയിലെ ഒരു സ്ഥാപനത്തിൽ മുക്കുപണ്ടം പണയംവച്ചു തട്ടിപ്പിൽപ്പെട്ടതിന് ശേഷം ഇപ്പോൾ വരുന്ന ഉരുപ്പിടികൾ വിശദമായ പരിശോധന നടത്തിയ ശേഷമാണ് പണം നൽകുന്നത്. പെട്ടെന്ന് തിരിച്ചറിയാൻ കഴിയാത്ത വിധത്തിലുള്ള ആഭരണങ്ങളാണ് തട്ടിപ്പിന് ഉപയോഗിക്കുന്നത്. കഴിഞ്ഞയാഴ്ച പണയംവയ്ക്കാൻ കൊണ്ടുവന്ന ഉരുപ്പിടി വിശദമായ പരശോധനയിലാണ് വ്യാജനാണെന്ന് കണ്ടത്തിയത്. അഞ്ച് പവന്റെ മാലയായിരുന്നു പണയം വയ്ക്കാൻ കൊണ്ടുവന്നത്. യഥാർത്ഥ ഉടമയായിരുന്നില്ല പണയം വയ്ക്കാനെത്തിയത്. ഇവർക്ക് ആയിരമോ രണ്ടായിരമോ വാഗ്ദാനം നൽകി തട്ടിപ്പ് സംഘം വിടുകയാണ് പതിവ്. ഇതിനാൽ യഥാർത്ഥ ഉടമയെ പലപ്പോഴും പിടികൂടാൻ സാധിക്കാറില്ല. മുക്കുപണ്ടം കൊണ്ടുവരുന്നത്‌ കോതമംഗലത്ത് നിന്നും ആലപ്പുഴയിൽ നിന്നുമാണന്ന് പറയപ്പെടുന്നു. തട്ടിപ്പിലെ പ്രധാന പ്രതികളെ തിരിച്ചറിഞ്ഞിട്ടും പിടികൂടാത്തതിന് പിന്നിൽ ദുരൂഹതയുണ്ടെന്നാണ് ആരോപണം. കേസിൽപ്പെട്ടാലും ജാമ്യം കിട്ടാവുന്ന വകുപ്പ് ചുമത്തിയാണ്‌ കേസെടുക്കുന്നതെന്നും പറയപ്പെടുന്നു. മുക്കപണ്ടം തട്ടിപ്പിലെ പ്രധാന പ്രതികളെ അറസ്റ്റ് ചെയ്യാത്തത് പ്രതികളും പോലീസും തമ്മിലുള്ള കൂട്ടുകെട്ടാണെന്നും ആരോപണുണ്ട്.

പിന്നിൽ വലിയ ശൃംഖല

മുക്കുപണ്ടം പണയതട്ടിപ്പിന് വലിയ ശൃംഖല ജില്ലയിൽ ഉണ്ടെന്ന്‌ പൊലീസ് നടത്തിയ രഹസ്യാന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. മണിയാറൻകുടി, മുരിക്കാശേരി എന്നിവിടങ്ങളിൽ ഇതിനായി ഏജന്റുമാരുണ്ട്. ഇവർ പാവപ്പെട്ടവരെ ഉപയോഗിച്ചാണ് മുക്കുപണ്ടം പണയം വയ്ക്കുന്നത്. നിരവധി കേസുകളിൽപ്പെട്ടവരാകും പ്രതികൾ. പിടികൂടുമെന്ന് ഉറപ്പായാൽ സാധനം ഉപേക്ഷിച്ച് മുങ്ങുകയാണ് പതിവ്.