ചെറുതോണി: ഒരു മാസത്തിലേറെയായി ഇടുക്കിയിൽ കാട്ടുതീ പടർന്ന് വനങ്ങളും പുൽമേടുകളും കത്തിയമരുന്നു. ലക്ഷക്കണക്കിന് രൂപയുടെ വനസമ്പത്ത് അഗ്നി വിഴുങ്ങിയതോടൊപ്പം വന്യമൃഗങ്ങളും ദയനീയമായി അഗ്നിക്കിരയായി. എന്നാൽ തീ പടരാനുള്ള സാഹചര്യത്തെക്കുറിച്ച് അന്വേഷിക്കാൻ ഇനിയും വനംവകുപ്പ് തയ്യാറായിട്ടില്ല. ഇടുക്കി ആർച്ച് ഡാമിന്റെ അതീവ സുരക്ഷാമേഖല, പാൽക്കുളംമേട്, മുളകുവള്ളി , കുളമാവ് തുടങ്ങി വനംവകുപ്പിന്റെ അധീനതയിലുള്ള കാടുകളിലാണ് കാട്ടു തീയുണ്ടാകുന്നത്. നഗരംപാറ, അടിമാലി, നേര്യമംഗലം റേഞ്ചുകളിലും കാട്ടുതീ വ്യാപകമായ നാശം വിതച്ചതായി വനംവകുപ്പ് ഉദ്യോഗസ്ഥർ റിപ്പോർട്ട് നൽകിയിട്ടുണ്ട്. ജില്ലാ ആസ്ഥാനത്തോട്‌ ചേർന്ന് കിടക്കുന്ന മീൻമുട്ടി മുതൽ കുളമാവ് വരെയുള്ള പ്രദേശങ്ങളിലും തീ പടർന്നിട്ടുണ്ട്. കാട്ടുതീ അണയ്ക്കാനുള്ള സംവിധാനം ഒന്നും വനംവകുപ്പിനില്ല. ആവശ്യത്തിന് ജീവനക്കാരുമില്ല. ഉൾക്കാട്ടിലെ തീ അണയ്ക്കാൻ സാധ്യമല്ലെന്ന് ഫയർസ്റ്റേഷൻ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജില്ലയിലെ വനങ്ങളിൽ വർഷങ്ങളായി പ്രകൃതിദത്തമായ കാട്ടുതീ ഉണ്ടാകാറില്ലെന്ന് പരിസ്ഥിതി വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ഇപ്പോൾ ലോവർ പെരിയാർ, കുളമാവ് തുടങ്ങിയ ഉൾവനങ്ങളിൽ കാണുന്ന കാട്ടുതീയ്ക്ക് പിന്നിൽ നായാട്ടുകാരും വനംകൊള്ളക്കാരുമാണെന്ന് സംശയിക്കുന്നു. ചെറിയ മൃഗങ്ങളുടെയും അപൂർവ്വ സസ്യങ്ങളുടെയും വംശനാശത്തിന് കാട്ടുതീ കാരണമാകുമെന്ന് ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥർ വനംവകുപ്പിന് റിപ്പോർട്ട് നൽകിയെങ്കിലും മേലുദ്യോഗസ്ഥർ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല.