ചെറുതോണി: കെ.എസ്.ആർ.ടി.സി ഡയറക്ടർ ബോർഡംഗവും സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗവുമായ സി.വി. വർഗീസിന്റെ പേരിൽ പ്രചരിക്കുന്ന വ്യാജ ഇ- മെയിൽ സന്ദേശത്തിനെതിരെ അദ്ദേഹം മുഖ്യമന്ത്രിക്കും ജില്ലാ പൊലീസ്‌ മേധാവിക്കും പരാതി നൽകി. സി.വി. വർഗീസ് മന്ത്രി എം.എം മണിക്ക് എഴുതിയതെന്ന പേരിൽ ഇടുക്കി ജില്ലാ കമ്മിറ്റിയുടെ ലെറ്റർ പാഡിൽ തയ്യാറാക്കിയ വ്യാജ കത്തിന്റെ പകർപ്പാണ്‌ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നത്. കത്തിൽ മെത്രാനെതിരെയും ക്രിസ്ത്യൻ ഈഴവ സമുദായങ്ങൾക്കെതിരെയും രൂക്ഷ വിമർശനമുണ്ട്. വ്യാജ പ്രചരണം തിരഞ്ഞെടുപ്പ് സമയത്ത് ആയുധമാക്കുന്നത് രാഷ്ട്രീയ പ്രവർത്തനത്തിന്‌ യോജിച്ചതല്ലെന്ന് സി.വി വർഗീസ്, പ്രഭ തങ്കച്ചൻ, പി.ബി.സബീഷ് എന്നിവർ പറഞ്ഞു. എന്നാൽ ഇടുക്കി രൂപത ഇത് സംബന്ധിച്ച് ആർക്കും പരാതി നൽകിയിട്ടില്ലെന്നും തിരഞ്ഞെടുപ്പ് സമയത്തുള്ള ആരോപണങ്ങളായേ കാണുന്നുള്ളൂവെന്നും രൂപതാ വക്താവ് പറഞ്ഞു.