അടിമാലി: പ്ലസ് ടു വിദ്യാർത്ഥിനി ജീവനൊടുക്കിയ സംഭവത്തിൽ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കാമുകനെ അടിമാലി പൊലീസ് അറസ്റ്റ് ചെയ്തു. അടിമാലി ഒഴുവത്തടം ചാമകണ്ടത്തിൽ സജ്ജു സത്യനാണ് അടിമാലി പൊലീസിന്റെ പിടിയിലായത്. രണ്ട് മാസങ്ങൾക്ക് മുമ്പ് ജീവനൊടുക്കിയ വിദ്യാർത്ഥിനിയുടെ മരണം സംബന്ധിച്ച് അടിമാലി പൊലീസ് നിരന്തരം നടത്തിയ അന്വേഷണത്തിനൊടുവിലാണ് ജീപ്പ് ഡ്രൈവറും 22 കാരനുമായ സജ്ജു പൊലീസ് വലയിലായത്. അടിമാലി സി.ഐ കെ. സദന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇന്നലെ രാവിലെ സജ്ജുവിന്റെ വീട്ടിൽ നിന്ന് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കഴിഞ്ഞ ജനുവരി എട്ടിന് ആളൊഴിഞ്ഞ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു വിദ്യാർത്ഥിനിയെ കണ്ടെത്തിയത്. കോട്ടയം മെഡിക്കൽ കോളേജിൽ നടന്ന പോസ്റ്റുമാർട്ടത്തിൽ പെൺകുട്ടി നിരവധി തവണ ലൈംഗിക പീഡനത്തിരയായതായും തെളിഞ്ഞു. തുടർന്ന് പൊലീസ് നടത്തിയ പഴുതടച്ചുള്ള അന്വേഷണമാണ് സജ്ജുവിനെ കുടുക്കിയത്. നിരവധി തവണ പ്രതി പീഡിപ്പിച്ച ശേഷം അവഗണിച്ചതിലുള്ള മനോവിഷമമാണ് പെൺകുട്ടിയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് പൊലീസ് നൽകുന്ന സൂചന. സ്‌കൂൾ ബസില്ലാതിരുന്ന ഘട്ടങ്ങളിൽ പെൺകുട്ടി പ്രതിയുടെ ജീപ്പിലായിരുന്നു വിദ്യാലയത്തിൽ എത്തിയിരുന്നത്. പെൺകുട്ടിക്ക് സജ്ജുവുമായുള്ള ബന്ധം മറ്റ് സുഹൃത്തുക്കൾക്കറിയാമായിരുന്നെന്നാണ് പൊലീസ് നൽകുന്ന വിവരം. പെൺകുട്ടി ആത്മഹത്യ ചെയ്ത ശേഷം നൂറുകണക്കിന് ഫോൺ കോളുകൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തിയിരുന്നു. മൂന്നൂറിൽപരം ആളുകളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച ശേഷമാണ് തെളിവുകളുടെ അടിസ്ഥാനത്തിൽ പൊലീസ് സജ്ജുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. പീഡനത്തിന് ശേഷം താൻ പെൺകുട്ടിയുടെ ഫോൺ കോളുകളും സന്ദേശങ്ങളും സ്വീകരിച്ചിരുന്നില്ലെന്നും ഏത് സമയവും പൊലീസ് പിടിയിലാകുമെന്ന് പ്രതീക്ഷിച്ചിരുന്നതായും പിടിയിലായ പ്രതി പൊലീസിന് മൊഴി നൽകി. എസ്.ഐ ബേസിൽ തോമസ്, എ.എസ്.ഐ സി.ആർ. സന്തോഷ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ എം.യു. അജിത്ത് എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.