തൊടുപുഴ: വിലകൂടിയ കാറുകൾ വാടകയ്ക്ക് എടുത്തശേഷം മറിച്ചുവിറ്റ് തട്ടിപ്പു നടത്തുന്ന യുവാവിനെ തൊടുപുഴ പൊലീസ് അറസ്റ്റുചെയ്തു. കണ്ണൂർ തളിപ്പറമ്പ് കാക്കോട്ടയ്ക്കാത്ത് ഫൈസൽ ഹസനെയാണ് (36) തൊടുപുഴ എസ്.ഐ എം.പി. സാഗറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇന്നലെ എറണാകുളം പള്ളുരുത്തിയിൽ നിന്ന് പിടികൂടിയത്. തൊടുപുഴ സ്വദേശിയുടെ നിസാൻ സണ്ണി, ഐ-ടെൻ എന്നീ ബ്രാൻഡുകളിലുള്ള രണ്ട് കാറുകൾ വാടകയ്ക്ക് എടുത്ത ശേഷം തിരികെ നൽകിയില്ലെന്ന പരാതിയിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കാറുകൾ രണ്ടും പൊലീസ് കണ്ടെടുത്തു. വിവിധ സ്റ്റേഷനുകളിലായി സമാനമായ നിരവധി കേസുകളിൽ ഇയാൾ പ്രതിയാണെന്നും പൊലീസ് പറഞ്ഞു. വിലകൂടിയ കാറുകൾ വാടകയ്ക്ക് എടുത്തശേഷം ഉടമയ്ക്ക് തിരികെ നൽകാതെ വിലപേശി പണം തട്ടുന്ന വൻ സംഘത്തിലെ കണ്ണിയാണ് ഇയാളെന്നും വിലപേശലിന് വഴങ്ങാത്ത ഉടമകളുടെ വാഹനം മറിച്ചുവിൽക്കുകയാണ് ചെയ്യന്നതെന്നും അന്വേഷണസംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. കണ്ണൂരിൽ ആറ് ക്രിമിനൽ കേസുകളും ഇയാളുടെ പേരിലുണ്ട്. പ്രത്യേകിച്ച് ഒരു ജോലിയുമില്ലാതെ ആർഭാട ജീവിതം നയിച്ചുവന്നിരുന്ന പ്രതി ഇടയ്ക്കിടെ മുംബയ് - കൊച്ചി റൂട്ടിൽ വിമാനയാത്രകൾ നടത്താറുള്ളതായും കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ അന്തർസംസ്ഥാന മാഫിയ ബന്ധങ്ങളെക്കുറിച്ചും പൊലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്. ബംഗളൂരുവിൽ ഡാൻസ് ബാർ നടത്തുകയാണെന്നാണ് ഫൈസൽ നാട്ടുകാരോട് പറഞ്ഞിരുന്നത്. എന്നാൽ ഇത് കളവാണെന്നാണ് പൊലീസിന് ലഭിച്ച വിവരം. അന്വേഷണ സംഘത്തിലെ എ.എസ്.ഐ അബി, സീനിയർ സിവിൽ പൊലീസ് ഓഫീസർ എൻ.എസ്. ഷാജി, സിവിൽ പൊലീസ് ഓഫീസർ നിസാം, വനിതാ സിവിൽ പൊലീസ് ഓഫീസർ അനിത എന്നിവരാണ് പ്രതിയെ പിടികൂടിയത്. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.