തൊടുപുഴ: മീനസൂര്യനൊപ്പം തിരഞ്ഞെടുപ്പ് ചൂടും കൊടുമ്പിരി കൊള്ളുമ്പോഴും ജില്ലയിലെ ഒരുപറ്റം സർക്കാർ ജീവനക്കാർ ഇതൊന്നും ശ്രദ്ധിക്കാതെ വീടുകൾ കയറിയിറങ്ങി കന്നുകാലികളുടെ കണക്കെടുപ്പ് തിരക്കിലാണ്.

ഇന്നലെ വൈകിട്ട് 4 വരെ 22,503 സ്ഥലങ്ങളിലെ വിവരങ്ങൾ നേരിട്ട് ശേഖരിച്ചുകഴിഞ്ഞു. ഓരോ 5 വർഷം കൂടുംമ്പോഴാണ് രാജ്യ വ്യാപകമായി കന്നുകാലി കണക്കെടുപ്പ് നടക്കുന്നത്. പതിനഞ്ച് ഇനങ്ങളിലുള്ള മൃഗങ്ങളുടേയും 8 ഇനം വളർത്തുപക്ഷികളുടേയും വിവിരശേഖരണമാണ് നടത്തുന്നത്. ഇതിന് മുമ്പ് ഏറ്റവും അവസാനം കണക്കെടുപ്പ് നടന്നത് 2012 ലാണ്. മാർച്ച് 1 മുതൽ മേയ് 31 വരെയുള്ള മൂന്ന് മാസങ്ങൾകൊണ്ട് അവസാനിപ്പിക്കുന്ന രീതിയിലാണ് ഇപ്പോഴത്തെ വിവരശേഖരണം നടക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ നേരത്തെ വിവരശേഖരണം പൂർത്തിയാക്കിയെങ്കിലും പ്രളയക്കെടുതി കാരണമാണ് കേരളത്തിൽ കാലതാമസമുണ്ടായത്. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി ഒരുസൂപ്പർ വൈസറേയും 5 എന്യൂമറേറ്റർമാരും കുടിയിൽ താമസിച്ചാണ് ഇടമലക്കുടിയിൽ ഇത്തവണ വിവരശേഖരണം നടത്തുന്നത്. വകുപ്പിന്റെ മൊബൈൽ ആപ്പായ 'ഭൂമിക' വഴി എല്ലാവീടുകളും ജിയോ മാപ്പിംഗ് കൂടി നടത്തിയാണ് ഇത്തവണത്തെ സെൻസസ് എന്ന പ്രത്യേകതയുമുണ്ട്. വിവരശേഖരണത്തിന് നിയോഗിച്ച ജീവനക്കാർ പെട്ടന്ന് അവധി എടുക്കുന്നതും പകൽ സമയത്തെ പൊള്ളുന്നചൂടും ചില വീട്ടുകാർ ജീവനക്കാരോട് തട്ടിക്കേറുന്നതും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്.

സെൻസസിലൂടെ ശേഖരിക്കുന്ന പ്രധാന വിവരങ്ങൾ -

1- കുടുംബങ്ങളിൽ-സംരംഭങ്ങളിൽ-സ്ഥാപനങ്ങളിൽ വളർത്തുന്ന 15 ഇനങ്ങളിലുളള മൃഗങ്ങൾ,8 തരം കോഴിയിനങ്ങൾ എന്നിവയുടെ ബ്റീഡ്,പ്രായം

2 - മത്സ്യ കൃഷി-മത്സ്യ ബന്ധനം അനുബന്ധ പ്രവർത്തനങ്ങളുടെ വിവരണം

3 - അലഞ്ഞുതിരിഞ്ഞ് നടക്കുന്ന നായ്ക്കളുടെ എണ്ണം

4 - കശാപ്പ് ശാലകളുടെ വിവരങ്ങൾ

5 - കന്നുകാലി കർഷകർ, പൗൾട്ടറി കർഷകരുടെ വിവരങ്ങൾ

വിവരശേഖരണത്തിന് ജില്ലയിലെ സംവിധാനങ്ങൾ

ജില്ലാ മൃഗസംരക്ഷണ ഓഫീസറുടെ നേതൃത്വത്തിൽ 131 ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർ - അസിസ്റ്റന്റ് ഫീൽഡ് ഓഫീസർ, 56 വെറ്റിനറി സർജൻ - ഫീൽഡ് ഓഫീസർ എന്നിങ്ങനെയാണ് രണ്ട് നഗരസഭകളിലും 52 പഞ്ചായത്തുകളിലും ടീംവർക്ക്. തൊടുപഴ, കട്ടപ്പന, അടിമാലി, നെടുങ്കണ്ടം എന്നിങ്ങനെ നാല് മേഖലകൾ കേന്ദ്രീകരിച്ച് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നുണ്ട്.