രാജാക്കാട്: കിഴുക്കാംതൂക്കായ വെള്ളാപ്പാറ മലനിരകളിലെ പാറക്കെട്ടുകളിൽ വീണ്ടുമൊരു തേൻകാലം വരവായി.
ഇരുനൂറടിയിലേറെ ഉയരമുള്ള പാറക്കെട്ടിന്റെ വശങ്ങളിലേയ്ക്ക് തള്ളി നിൽക്കുന്ന ഭാഗങ്ങളിലാണ് വിസ്മയക്കാഴ്ചയായി നൂറിലധികം തേൻകൂടുകൾ നിരനിരയായി തൂങ്ങിക്കിടക്കുന്നത്. നോർത്ത് രാജകുമാരിയിലെ ജനവാസകേന്ദ്രത്തിൽ നിന്നും ഒന്നര കിലോമീറ്റർ അകലെയാണ് കാട്ടുതേനീച്ചകളുടെ സാമ്രാജ്യം. കറുപ്പും വെളുപ്പും ഇരുണ്ട ചെമ്പൻ നിറങ്ങളിലുമുള്ള ഈച്ചക്കോളനികൾ കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചയാണ്. ഇവിടെനിന്നൂറുന്ന കാട്ടുതേൻ സുഗന്ധം ഒരു കിലോമീറ്റർ ചുറ്റളവിൽ അന്തരീക്ഷത്തിൽ വ്യാപിച്ചിരിക്കുകായണ്. അതിസഹസിക പ്രിയരും പരിചയസമ്പന്നരായ പ്രദേശവാസികളുമല്ലാതെ അധികമാരും ഈ ഭാഗത്തേക്ക് കടന്നുചെല്ലാറില്ല. തമിഴ്‌നാട്ടിലെ പ്രത്യേക വൈദഗ്ധ്യമുള്ള ആദിവാസികൾക്ക് മാത്രമേ പാറക്കെട്ടുകളിൽ കയറി തേൻ ശേഖരിക്കാനറിയു
സീസണിൽ സ്ത്രീകളും കുട്ടികളുമടക്കം കുടുംബമായി എത്താറുള്ള സംഘം പാറക്കെട്ടിന്റെ പരിസരത്ത് ദിവസങ്ങളോളം തമ്പടിച്ച് വാവും , പക്കവുമാക്കെ നോക്കിയാണ് 'തേൻ വേട്ട'യ്ക്ക് പദ്ധതി തയ്യാറാക്കുന്നത്. പെരുന്തേനീച്ചകൾ അത്യന്തം ആക്രമണകാരികളായതുകൊണ്ട് നല്ല ഇരുട്ടുള്ള രാത്രിയിലായിരിക്കും ഓപ്പറേഷൻ. മലയുടെ മുകളിൽ കയറി മരങ്ങളിൽ കൂറ്റൻ വടം കെട്ടി കൂടുകളുള്ള ഭാഗത്തുകൂടി താഴേയ്ക്ക് തൂക്കിയിടും. സംഘത്തിലെ ഒരാൾ വലിയ തീപ്പന്തവും 'തേൻകത്തി' എന്ന പ്രത്യേകതരം ആയുധവുമായി വടത്തിലൂടെ തൂങ്ങിയിറങ്ങും. ശത്രുസാന്നിദ്ധ്യമറിഞ്ഞ് പ്രതിരോധിക്കാൻ എത്തുന്ന തേനീച്ചകളെ തുരത്താനുള്ള ഏക ആയുധമാണ് തീപ്പന്തം. കഴിവതും ഈച്ചകളെ ആക്രമിക്കാതെ കൂടുകൾ ഒന്നൊന്നായി കത്തികൊണ്ട് അറുത്ത് താഴേയ്ക്കിടും. പാറക്കെട്ടിനുതാഴെ കാത്തുനിൽക്കുന്ന മറ്റ് സംഘാംഗങ്ങൾ വലിയ പാത്രങ്ങളിൽ റാട്ടുകൾ ശേഖരിച്ച് പിഴിഞ്ഞ് തേൻ വേർതിരിയ്ക്കും. ഒരു കോളനിയിൽ നിന്നും പതിനഞ്ച് കിലോ തേൻവരെ ലഭിക്കാറുണ്ട്. തേനീച്ചയുടെ കുത്തേറ്റാൽ ചികിത്സിക്കാനുള്ള പച്ചമരുന്നുകളും ആദിവാസികളുടെ പക്കലുണ്ടാകും. ഇവിടെ നിന്ന് ശേഖരിക്കുന്ന തേൻ നാട്ടുകാർക്ക് വിറ്റ് പണവുമായാണ് സംഘം തമിഴ്നാട്ടിലേക്ക് മടങ്ങാറുള്ളത്.
മുമ്പ് വെള്ളാപ്പാറയിൽ ആയിരക്കണക്കിന് പെരുന്തേൻ കൂടുകൾ ഉണ്ടായിരുന്നതായി പഴമക്കാർ പറയുന്നു. തോട്ടങ്ങളിലെയും കൃഷിയിടങ്ങളിലെയും രാസകീടനാശിനി പ്രയോഗവും, കാലാവസ്ഥ വ്യതിയാനവുമൊക്കെ ഈച്ചക്കോളനികളുടെ എണ്ണം
കുറയാൻ കാരണമായെന്നാണ് നാട്ടുകാർ പറയുന്നത്.