വണ്ടിപ്പെരിയാർ: പഞ്ചായത്ത് വാഹനത്തിലെ ഡീസൽ ഉപയോഗത്തിലുണ്ടായ ക്രമക്കേട് സംബന്ധിച്ച് പഞ്ചായത്ത് ഡയറക്ടർ അന്വേഷണം ആരംഭിച്ചു. ഡയറക്ടർക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് രണ്ടരവർഷത്തിന് ശേഷം അന്വേഷണം ആരംഭിച്ചത്.

പഞ്ചായത്ത് അഡീഷണൽ ഡയറക്ടർ, ജോയിന്റ് ഡയറക്ടർ ,പഞ്ചായത്ത് വിജിലൻസ് വിഭാഗം തുടങ്ങിയ ഉദ്യോഗസ്ഥരാണ് അന്വേഷണം നടത്തുന്നത്. പഞ്ചായത്തിലെ രേഖകൾ പരിശോധിക്കുകയും പരാതിക്കാരന്റെയും ആരോപണ വിധേയനായ മുൻ സെക്രട്ടറി, ലോറി ഡ്രൈവർ എന്നിവരുടെ മൊഴിയെടുക്കയും ചെയ്തു. പൊതുപ്രവർത്തകനായ എം.എം. ജോർജാണ് ക്രമക്കേട് സംബന്ധിച്ച് 2018ൽ പരാതി നൽകിയത്. 2016 സെ്പ്തംബറിലാണ് സംഭവങ്ങൾക്ക് തുടക്കം. മാലിന്യം ശേഖരിക്കുന്ന ലോറി ഓടാത്ത ദിവസങ്ങളിലും ഡീസലിന്റെ പണം എഴുതിയെടുത്തത് ഏറെ വിവാദമായിരുന്നു. പെരിയാർ ടൗണിൽ നിന്നും 14 കിലോമീറ്റർ ദൂരമുള്ള സത്രത്തിലാണ് പഞ്ചായത്ത് മാലിന്യം നിക്ഷേപിക്കുന്നത്. ഒരു തവണ വാഹനം സത്രത്തിൽ പോയി തിരികെ വരുമ്പോൾ 28 കിലോമീറ്റർ ദൂരമാണെങ്കിലും ലോഗ് ബുക്കിൽ 35 കിലോമീറ്റർ എന്ന കണക്കിലായിരുന്നു ഡീസൽ ചെലവ് എഴുതുന്നത്. മാസം 240 ലി. ഡീസൽ വേണ്ടിടത്ത് 300 മുതൽ 350 ലിറ്റർ വരെയാണ് ചെലവാകുന്നതെന്ന് കണക്കാക്കിയാണ് തട്ടിപ്പ് നടത്തിയത്. ഇതിനു പുറമെ ലോറിയുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റിന് വേണ്ടി ഒരാഴ്ച വർക്ക്‌ഷോപ്പിലായിരുന്ന ദിവസവും ഡീസൽ ചെലവിൽ തുക എഴുതിയതോടെയാണ് ക്രമക്കേട് പിടിക്കപ്പെട്ടത്. സംഭവം വിവാദമായതോടെ കരാർ വ്യവസ്ഥയിൽ ജോലി ചെയ്തിരുന്ന ഡ്രൈവറെ പുറത്താക്കിയിരുന്നു. എന്നാൽ പഞ്ചായത്തിലെ ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടായിരുന്നില്ല. ഇതിനെ തുടർന്നാണ് എം.എം.ജോർജ് ഡയറക്ടർക്ക് പരാതി നൽകിയത്. ഇക്കാലയളവിൽ ജോലിചെയ്തിരുന്ന സെക്രട്ടറി സ്ഥലംമാറി പോവുകയും ചെയ്തു. ലോറിയുടെ ലോഗ് ബുക്ക് പഞ്ചായത്തിൽ ഇല്ലെന്നാണ് പഞ്ചായത്ത് അധിക്യതർ അന്വേഷണ സംഘത്തിന് നൽകിയ മൊഴിയിൽ പറയുന്നത്. നേരത്തെ വിജിലൻസ് അന്വേഷണത്തിൽ ലോഗ് ബുക്ക് കൊണ്ട് പോയെന്ന വിശദീകരണമാണ് നൽകുന്നത്.