തൊടുപുഴ: ചുട്ടുപൊള്ളുന്ന വരൾച്ചയുടെ പശ്ചാത്തലത്തിൽ കുടുംബശ്രീ അയൽക്കൂട്ടങ്ങളിലൂടെ ഹരിതകേരളം മിഷന്റെ 'ജലമാണ് ജീവൻ കാമ്പയിൻ' ഊർജിതമാക്കുന്നു. അയൽക്കൂട്ടങ്ങളിൽ ജലസംരക്ഷണ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പാക്കുകയാണ് ലക്ഷ്യം. ഇന്നു മുതൽ 31വരെ ഇതിനായി പ്രത്യേക ജലസഭകൾ ചേരും. ജില്ലയിലാകെ 15,000 അയൽക്കൂട്ടങ്ങളിലായി 1,60,000 അംഗങ്ങളാണുള്ളത്. ഇവരിലൂടെ ജലസംരക്ഷണ പ്രവർത്തനങ്ങളുടെ പ്രാധാന്യം ഓരോ കുടുംബത്തിലുമെത്തിക്കുന്നതിനാണ് ജലസഭകളിലൂടെ ലക്ഷ്യമിടുന്നത്.
ജലസംരക്ഷണ പ്രവർത്തനങ്ങൾ വിശദീകരിക്കുന്ന ബ്രോഷർ ജലസഭകളിൽ ചർച്ചചെയ്യും. കൂടാതെ അതത് പ്രദേശത്തെ ജലസുരക്ഷയുമായി ബന്ധപ്പെട്ട സവിശേഷപ്രശ്നങ്ങളും ചർച്ച ചെയ്ത് ജലസംരക്ഷണ പരിപാടികൾ ആസൂത്രണം ചെയ്യും .പൊതുകിണർ, പൊതുകുളം എന്നിവ മാലിന്യ മുക്തമാക്കി ഉപയോഗക്ഷമമാക്കൽ, വേനൽമഴ പരമാവധി സംഭരിക്കുന്നതിന് റീ ചാർജ് സംവിധാനമൊരുക്കൽ എന്നിവയ്‌ക്കൊപ്പം അയൽക്കൂട്ട അംഗങ്ങളുടെ വീടുകളിൽ ജലമിതവ്യയം നടപ്പാക്കുന്നതിനും ജലസഭകൾ ഊന്നൽ നൽകും. മലിനജലം പുനരുപയോഗിക്കുന്നതിന്റെ സാധ്യതകൾ തേടുന്നതിനൊപ്പം അവ കൃത്യമായി സംസ്‌കരിക്കുന്നത് ഉറപ്പാക്കുന്നതിലും ശ്രദ്ധചെലുത്തും .സംസ്ഥാനതല പരിപാടിയുടെ ഭാഗമായാണ് കുടുംബശ്രീ അയൽക്കൂട്ടങ്ങളിൽ ഹരിതകേരളം ജില്ലയിലും അയൽക്കൂട്ടം ജലസഭകൾക്ക് വേദിയൊരുക്കുന്നത്. ഹരിതകേരളം ജില്ലാ കോഓർഡിനേറ്റർ ഡോ ജി.എസ് മധു, കുടംബശ്രീ ജില്ലാ കോർഡിനേറ്റർ ടി.ജി അജീഷ് എന്നിവർ അറിയിച്ചു.