kk
കാട്ടുതീ

മറയൂർ: പതിനായിരം കോടിയിലധികം വിലമതിക്കുന്ന ചന്ദനമരങ്ങൾ വെന്തമരുമ്പോഴും മറയൂരിൽ കാട്ടുതീ പ്രതിരോധിക്കാൻ വനംവകുപ്പിന് പണമില്ല.

പ്രതിവർഷം മറയൂർ ചന്ദനക്കാടുകളിൽ നിന്നും സംസ്ഥാന ഖജനാവിലേക്ക് എത്തുന്നത് ശരാശരി 100 കോടി രൂപയാണ്. എന്നാൽ ഈ വനമേഖലയെ കാട്ടുതീയിൽ നിന്ന് രക്ഷിക്കാൻ വനാതിർത്തികളിൽ ഫയർ ലൈൻ തെളിക്കാനുള്ള പണമില്ലത്രേ.

മറയൂർ ചന്ദനഡിവിഷണിൽ 80 കിലോമീറ്റർ ദൂരം ഫയർലൈൻ തെളിയിക്കേണ്ടതുണ്ട്. എന്നാൽ 2018 -19 സാമ്പത്തികവർഷം 25 കിലോമീറ്ററിനാണ് വനംവകുപ്പ് പണം അനുവദിച്ചത്. കഴിഞ്ഞവർഷം 13.84 ലക്ഷംരൂപ ചെലവിൽ 80 കിലോമീറ്റർ തെളിച്ചസ്ഥാനത്താണ് ഇത്തവണ 4.32 ലക്ഷംരൂപ മാത്രം അനുവദിച്ചിരിക്കുന്നത്. മറയൂർ റേഞ്ചിൽ 12.5 കിലോമീറ്റർ ദൂരത്തിൽ 2 ലക്ഷംരൂപ ചെലവിലാണ് ഈവർഷം ഫയർലൈൻ തെളിച്ചത്. കാന്തല്ലൂരിൽ 12.5 കിലോമീറ്റർ ഫയർലൈൻ തെളിച്ചു. ഒരുകിലോമീറ്റർ ഫയർലൈൻ വെട്ടുന്നതിന് 17,300 രൂപയാണ് ചെലവ്.

ഫയർലൈൻ വെട്ടുന്നതിന് പകരം ഓരോവനസംരക്ഷണ സമിതികളുടെ കീഴിൽ ഫയർഗാങ്ങുകൾ എന്ന പേരിൽ നിരിക്ഷണസമിതിയെ ചുമതലപ്പെടുത്തി. മറയൂർറേഞ്ചിൽ 11 വനസംരക്ഷണ സമിതികൾക്ക് ഫയർഗാങ്ങുകൾ രൂപികരിക്കാൻ 25,000 രൂപവീതം 3 ലക്ഷംരൂപ നല്കി. കാന്തല്ലൂർ റേഞ്ചിൽ രണ്ട് സമിതികൾക്ക് ഒരുലക്ഷം രൂപയും നല്കി. കാട്ടുതീ തടയുക, ഉണ്ടായാൽ തല്ലിക്കെടുത്തുക എന്നതാണ് ഫയർഗാങ്ങുകളുടെ ജോലി.

വാർഷിക വിഹിതം 3 കോടി

ഒരു വർഷം മറയൂർ ഡിവിഷണിൽ ചന്ദനസംരക്ഷണത്തിനായി 3 കോടി രൂപയാണ് അനുവദിക്കുന്നത്. താൽക്കാലിക വാച്ചർമാരുടെ (സാന്റൽ പ്രൊട്ടക്ഷൻ മസ്ദൂർ) വേതനമായി 2.75 കോടിരൂപ വേണം. ബാക്കി 25 ലക്ഷംരൂപകൊണ്ടാണ് വാഹനം, ഡോഗ്സ്‌ക്വാഡ് തുടങ്ങിയ ചെലവുകൾ നടത്തുന്നത്.

കാട്ടുതീ വിഴുങ്ങുന്ന വനമേഖല

എത്രയൊക്കെ ഗാങ്ങുകളെ രംഗത്തിറക്കിയിട്ടും മറയൂർ വനമേഖല കാട്ടുതീയുടെ പിടിയിലമരുകയാണ് . പാമ്പൻമല ,ചട്ടമൂന്നാർ, തീർത്ഥമല, ഒള്ളവയൽ, അഞ്ചുനാട്ടാൻ പാറ, മുരുകൻമല എന്നിവിടങ്ങളിൽ കാട്ടുതീ നാശം വിതച്ചു കഴിഞ്ഞു. ഈ മേഖലയിലെ ചെറുനീരുറവകളും കാട്ടുതീയിൽ ഇല്ലാതായി.