അടിമാലി: വേനൽ കനത്തതോടെ ഹൈറേഞ്ചിലെ കാർഷിക മേഖലക്കൊപ്പം ക്ഷീരകർഷകർക്കും കനത്ത തിരിച്ചടിയാകുന്നു. കാലിത്തീറ്റയുടെ അടിക്കടിയുള്ള വിലവർദ്ധനവിനൊപ്പം തീറ്റപുല്ലിന് ഉണ്ടായിട്ടുള്ള ക്ഷാമമാണ് കർഷകരെ വലക്കുന്നത്. കാലികൾക്ക് നൽകുന്ന പുല്ലിന്റെ അളവ് കുറച്ച് കാലിത്തീറ്റയുടെ അളവ് വർദ്ധിപ്പിക്കാമെന്ന് കരുതിയാലും നിലവിലെ സാഹചര്യത്തിൽ അത് വലിയ സാമ്പത്തിക ബാധ്യതയ്ക്ക് വഴിയൊരുക്കുമെന്ന് കർഷകർ പറയുന്നു. കാർഷിക മേഖലയിൽ ഉണ്ടാകുന്ന ക്ഷീണം മറികടക്കാൻ ക്ഷീരമേഖലയെയായിരുന്നു പല കർഷകരുടേയും ആശ്രയം. എന്നാൽ കാലിത്തീറ്റയുടെ വിലവർദ്ധനവ് കർഷകരുടെ സ്വപ്നങ്ങൾ തല്ലിക്കെടുത്തി കഴിഞ്ഞു. കഴിഞ്ഞ ഒരു മാസത്തിനിടയിൽ രണ്ട് തവണകളിലായി 50 രൂപയുടെ അടുത്ത് വിലവർധിച്ചു. കാലിത്തീറ്റ ചാക്കൊന്നിന് 1025 രൂപമുതൽ 1250 രൂപവരെയാണ് ഇപ്പോഴത്തെ ശരാശരി വില. ചൂടേറിയതോടെ പാൽ ഉത്പാദനത്തിലും കുറവ് സംഭവിച്ചിട്ടുണ്ട്. ചെലവിന് ആനുപാതികമായ വരവ് കന്നുകാലി വളർത്തലിൽ നിന്നും ലഭിക്കുന്നില്ലെന്നാണ് കർഷകരുടെ അനുഭവം. ഇപ്പോഴത്തെ സാഹചര്യത്തിൽ പാൽ ലിറ്ററിന് 50 രൂപയെങ്കിലും ലഭിച്ചാൽ മാത്രമേ ക്ഷീരമേഖലയിൽ പിടിച്ച് നിൽക്കാനാകുവെന്നും കർഷകർ അഭിപ്രായപ്പെടുന്നു.