ഇടുക്കി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പ്രചരണാർത്ഥം ഇടുക്കി ജില്ലയിൽ വോട്ടുവണ്ടി പര്യടനം ആരംഭിച്ചു. സിവിൽ സ്റ്റേഷനിൽ കളക്ടർ എച്ച്. ദിനേശൻ വോട്ടുവണ്ടിയുടെ ഫ്ലാഗ് ഓഫ് നിർവ്വഹിച്ചു. തിരഞ്ഞെടുപ്പിൽ പരമാവധി ജനപങ്കാളിത്തം ഉറപ്പു വരുത്തുകയെന്ന ലക്ഷ്യത്തോടെ ജില്ലയുടെ വിവിധ ഇടങ്ങളിൽ വോട്ടുവണ്ടി പര്യടനം നടത്തുമെന്നും കള്കടർ അറിയിച്ചു. കരുത്തുറ്റ ജനാധ്യപത്യത്തിന് വിപുലമായ ജനപങ്കാളിത്തം എന്ന ആശയം പകർന്നാണ് വോട്ടുവണ്ടിയുടെ യാത്ര. പൊതുജനങ്ങൾക്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംശയ നിവാരണങ്ങൾ നടത്തുന്നതിനും വി വി പാറ്റ് മെഷീൻ പരിചയപ്പെടുന്നതിനും വോട്ടുവണ്ടിയിൽ സൗകര്യം ഉണ്ടായിരിക്കും. ആദിവാസി മേഖലകൾ കേന്ദ്രീകരിച്ച് പെരിങ്ങാശേരി, മൂലമറ്റം, വെള്ളിയാമറ്റം എന്നീ സ്ഥലങ്ങളിൽ തിരഞ്ഞെടുപ്പ് ബോധവത്കരണ തെരുവനാടകവും അരങ്ങേറും. നാളെ മറയൂർ, മൂന്നാർ മേഖലയിൽ തെരുവുനാടകം നടത്തും.