ഇടുക്കി : പരിചയം പുതുക്കിയും സൗഹൃദങ്ങൾ ഊട്ടിയുറപ്പിച്ചും യു.ഡി.എഫ് സ്ഥാനാർഥി അഡ്വ. ഡീൻ കുര്യാക്കോസ് കളത്തിൽ ചുവടുറപ്പിച്ചു. ഇടുക്കി നിയോജക മണ്ഡലത്തിലെ ചെറുതോണി, വാഴത്തോപ്പ്, മണിയാറംകുടി, ഭൂമിയാംകുളം, മുളകുവള്ളി, തടിയംമ്പാട്, കരിമ്പൻ, മരിയാപുരം, ഇടുക്കി കവല എന്നിവിടങ്ങളിലായിരുന്നു ഇന്നലെ ഡീൻ കുര്യാക്കോസ് സൗഹൃദ സന്ദർശനം നടത്തിയത്. മേഖലയിലെ ആരാധനാലയങ്ങൾ സ്‌കൂളുകൾ സർക്കാർ ഓഫീസുകൾ വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെല്ലാം സന്ദർശനം നടത്തി. ആരാധനാലയങ്ങളിൽ പുരോഹിതരുടെ അനുഗ്രഹം തേടിയെത്തിയ സ്ഥാനാർത്ഥിക്ക് നിറഞ്ഞ മനസോടെയാണ് സ്വീകരണം ലഭിച്ചത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ അപ്രതീക്ഷിത തോൽവി നേരിടേണ്ടി വന്നെങ്കിലും ഇടുക്കിയിലെ ജനങ്ങൾക്കൊപ്പമുണ്ടെന്ന് തെളിയിക്കുന്നതായിരുന്നു യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് ഓരോ സ്ഥലങ്ങളിലും ലഭിച്ച സ്വീകരണങ്ങൾ. സൗഹൃദ സന്ദർശനങ്ങൾക്കു ശേഷം ഡിസിസി ഓഫിസിൽ യു ഡി എഫ് ഇടുക്കി നിയോജക മണ്ഡലം നേതൃയോഗത്തിലും സ്ഥാനാർത്ഥി പങ്കെടുത്തു.