ഇടുക്കി: കാർഷകരുടെ എല്ലാത്തരം വായ്പകൾക്കും മോറട്ടോറിയം ഏർപ്പെടുത്തി ഉത്തരവിറക്കാൻ സാധിക്കാത്തത് സംസ്ഥാന സർക്കാരിന്റെ കെടുകാര്യസ്ഥതയും കൃത്യവിലോപവുമാണെന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഇടുക്കിയിലെ എട്ട് കർഷകർ ആത്മഹത്യചെയ്ത ഗുരുതരമായ സാഹചര്യത്തിലാണ് ഡിസംമ്പർ 31 വരെ എല്ലാത്തരം വായ്പകൾക്കും മോറട്ടോറിയം ഏർപ്പെടുത്തുമെന്ന് സർക്കാർ പ്രഖ്യാപിച്ചത്. മാർച്ച് 5 ന് കൊട്ടിഘോഷിച്ച് തീരുമാനം എടുത്തെങ്കിലും തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവിൽ വരുന്നതുവരെ ഇത് സംബന്ധിച്ച് ഉത്തരവ് ഇറക്കിയില്ല. പറഞ്ഞവാക്കിനോട് നീതിപുലർത്തിയിരുന്നുവെങ്കിൽ 48 മണിക്കൂറിനകം ഉത്തരവിറക്കാമായിരുന്നു. ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കിടക്കുന്നവർക്ക് പരോൾ അനുവദിക്കാൻ മിനിറ്റുകൾക്കകം ഉത്തരവിറക്കുന്ന സർക്കാർ കർഷകരുടെ കാര്യത്തിൽ അലംഭാവം കാണിച്ചത് മാപ്പർഹിക്കാത്ത കുറ്റമാണ്. ഇതിന് ജനങ്ങൾ മറുപടി പറയും. കാർഷിക പ്രതിസന്ധി ഏറ്റവും രൂക്ഷമായ ഇടുക്കിയിലെ കർഷകരോട് നീതിപുലർത്താൻ കഴിയാത്ത എം.എം. മണി മന്ത്രിസ്ഥാനത്ത് തുടരാൻ യോഗ്യനാണോ എന്ന് സ്വയം വിലയിരുത്തണണം. ജപ്തി നടപടികളുമായി ബാങ്കുകൾ മുന്നോട്ടുവന്നാൽ യു.ഡി.എഫ് കർഷകർക്കൊപ്പം അണിചേർന്ന് ശക്തമായ പ്രതിരോധം തീർക്കുമെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു.