ഇടുക്കി: ജില്ലയിൽ പ്രളയബാധിത മേഖലയിൽ പുന:നിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന മേസ്തിരിമാർക്ക് പരിശീലനം സംഘടിപ്പിച്ചു. അടിമാലിയിൽ സംഘടിപ്പിച്ച പരിശീലന പരിപാടിയിൽ 40 പേർ പങ്കെടുത്തു. ഐക്യരാഷ്ട്ര വികസന സമിതിയുടെ സഹകരണത്തോടെ യു.എൻ ഹാബിറ്റാറ്റാണ് പരിശീലനം സംഘടിപ്പിച്ചത്. പരിശീലനത്തിന് ശേഷം സാങ്കേതിക തികവുള്ള മേസ്തിരിമാരെ തിരഞ്ഞെടുത്തു. ഇവർ പ്രളയാനന്തര പുനർനിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. ഇടുക്കിക്ക് പുറമെ വയനാട്, പത്തനംതിട്ട ജില്ലകളിലും പരിശീലനം സംഘടിപ്പിക്കുന്നുണ്ട്. ക്ലാസ്‌റൂം പരിശീലനവും വിദഗ്ധ ഫീൽഡ്തല പരിശീലനവും ഇതോടൊപ്പം ഉണ്ട്. കുടുംബശ്രീയിലെ 11 സ്ത്രീ മേസ്തിരിമാരും പരിശീലനത്തിൽ പങ്കെടുത്തു. പരിശീലനത്തിന് യു.എൻ ഹാബിറ്റാറ്റ് റീജിയണൽ ചീഫ് ദിലീപ് പാഞ്ച, സംസ്ഥാന കോ-ഓർഡിനേറ്റർ അമാലിൻ പട്‌നായിക്, ജില്ലാ പ്രോജക്ട് ഓഫീസർ അബ്ദുൾനൂർ, വിവിധ ഷെൽട്ടർ ഹബ്ബ് സ്റ്റാഫുകൾ തുടങ്ങിയവർ നേതൃത്വം നൽകി.