തൊടുപുഴ: അപകടരഹിത തൊടുപുഴ ലക്ഷ്യമിട്ട് ജില്ല ലീഗൽസർവീസ് അതോറിറ്റിയുടെ നേതൃത്വത്തിൽ തൊടുപുഴയിൽ നടക്കുന്ന വഴിക്കണ്ണ് പദ്ധതിയുടെ ഭാഗമായി ഏപ്രിൽ 11ന് ട്രാഫിക് മെഗാഅദാലത്ത് നടത്തപ്പെടുന്നു. അദാലത്ത് നടത്തുന്നതിന് മുന്നോടിയായി നാളെ 2 .30 ന് തൊടുപുഴ ലയൺസ് ക്ലബ് ഹാളിൽ ഉന്നതതലയോഗം ചേരും. യോഗത്തിൽ ജില്ലാ കളക്ടർ എച്ച് ദിനേശൻ, നഗരസഭ ചെയർപേഴ്സൺ പ്രൊഫ. ജെസി ആൻറണി, സബ് ജഡ്ജ് ദിനേശ് എം പിള്ള, നഗരസഭ കൗൺസിലർമാർ എന്നിവർ പങ്കെടുക്കും. യോഗത്തിൽ റവന്യൂ, പൊലീസ് ,മോട്ടോർ വാഹന വകുപ്പ് ,ഫയർ ആൻഡ് റെസ്ക്യൂ എക്സൈസ് ,വാട്ടർ അതോറിറ്റി ,കെ.എസ്.ഇ.ബി, ബിഎസ്എൻഎൽ, പൊതുമരാമത്ത്, ഫോറസ്റ്റ് വിദ്യാഭ്യാസം, തദ്ദേശ സ്വയംഭരണം, കെഎസ്ആർടിസി തുടങ്ങിയ വകുപ്പുകളെ പ്രതിനിധീകരിച്ച് ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കും. ട്രാക്ക് ,ഐഎംഎ ,ബസ് ഓണേഴ്സ് അസോസിയേഷൻ വ്യാപാരി വ്യവസായി സംഘടന ,ഡ്രൈവിംഗ് സ്കൂൾ സംഘടന വർക്ക്ഷോപ്പ് അസോസിയേഷൻ ലയൺസ് ക്ലബ് , ജെസിഐ ,റോട്ടറി വൈഎംസിഎ ,വൈ ഡബ്ല്യൂ സി എ ,വൈസ് മെൻസ് ,ഫാർമേഴ്സ് ക്ലബ്ബ് ജയ്ഹിന്ദ് ലൈബ്രറി തുടങ്ങി തൊടുപുഴയിലെ സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസതലങ്ങളിൽ പ്രവർത്തിക്കുന്ന വിവിധസംഘടന പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും. നിലവിൽ ട്രാഫിക്കുമായി ലഭിച്ചിട്ടുള്ള പരാതികൾ യോഗത്തിൽ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ചർച്ചചെയ്തു പരിഹാരംകാണും. അന്നേദിവസം പ്രശ്നപരിഹാരം കണ്ടെത്താൻ സാധിക്കാത്ത വിഷയങ്ങളിൽ കൂടുതൽ പഠനത്തിനുവേണ്ടി ഉദ്യോഗസ്ഥരടങ്ങുന്ന വിദഗ്ധ കമ്മിറ്റി രൂപീകരിച്ച് പ്രശ്നമേഖല സന്ദർശിച്ച് നിശ്ചിത സമയപരിധിക്കുള്ളിൽ പരിഹാരം കണ്ടെത്തും. മെഗാ ട്രാഫിക് അദാലത്ത് വിജയിപ്പിക്കുന്നതിന് ആവശ്യമായ രൂപരേഖ യോഗംതയ്യാറാക്കും.