മറയൂർ: പൊരിവെയിലിൽ ഇഴഞ്ഞുമടത്തപ്പോൾ സ്കൂട്ടറിൽ കയറി ഊരുചുറ്റാൻ തീരുമാനിച്ച മൂർഖൻ പാമ്പിനെ നാട്ടുകാർ പിടികൂടി വനവാസത്തിനയച്ചു.

മറയൂർ ടൗണിന് സമീപം പാർക്ക് ചെയ്തിരുന്ന സ്‌കൂട്ടറിനുള്ളിലേക്ക് ഇഴഞ്ഞു കയറിയ പാമ്പിനാണ് ഒരൂമണിക്കൂറിനുള്ളിൽ വനവാസം വിധിക്കപ്പെട്ടത്. ടൗണിൽ ഹോം അപ്ലൈയിൻസ് സ്ഥാപനം നടത്തുന്ന മുത്തുകുമാറിന്റെ സ്‌കൂട്ടറിനുള്ളിലാണ് മൂർഖൻ കയറിയത്. സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ വാഹനം തട്ടിയും മറിച്ചിട്ടുമൊക്കെ നോക്കിയെങ്കിലും ഇഷ്ടൻ പുറത്ത് ചാടാൻ കൂട്ടാക്കിയില്ല. പിന്നീട് വർക്ക്ഷോപ്പിൽ നിന്ന് മേസ്തിരി എത്തി സ്കൂട്ടറിന്റെ ഹാൻഡിൽകവർ അഴിക്കാൻ തുടങ്ങിയപ്പോഴാണ് രക്ഷയില്ലെന്ന് മനസിലാക്കിയ പാമ്പ് പുറത്ത് ചാടിയത്. ലക്ഷ്യം പരാജയപ്പെട്ട് പുറത്തുചാടേണ്ടി വന്നതിന്റെ ദേഷ്യം കാഴ്ചക്കാരായി തടിച്ചുകൂടിയ നാട്ടുകാരോട് പ്രകടിപ്പിക്കുകയും ചെയ്തു. പക്ഷേ അതും അധികം വിലപ്പോയില്ല. പത്തിവിടർത്തി വമ്പുകാട്ടിയ മൂർഖനെ കുമ്മിട്ടാംകുഴി കോളനിയിലെ ചാപ്ലി പുഷ്പംപോലെ പൊക്കിയെടുത്ത് വനപാലകർക്ക് കൈമാറി. പിന്നീട് വനം വകുപ്പ് വാഹനത്തിൽ കയറ്റി ചിന്നാർ ഉൾവനത്തിൽ കൊണ്ടുപോയി തുറന്നുവിടുകയും ചെയ്തു. ഒരാഴ്ചക്കിടെ മറയൂരിലെ ജനവാസ മേഖലയിൽ നിന്ന് രണ്ടാം തവണയാണ് പാമ്പിനെ പിടികൂടുന്നത്.