രാജാക്കാട്: മതികെട്ടാൻചോല ദേശീയോദ്യാനത്തിൽ നായാട്ടിനെത്തിയ കേസിൽ വനംവകുപ്പ് തിരയുന്ന രണ്ട് പ്രതികൾ കോടതിയിൽ കീഴടങ്ങി. കുരുവിളസിറ്റി കാണിയാട്ട് ബിജു (42), എസ്റ്റേറ്റ് പൂപ്പാറ തുണിയമ്പായിൽ ജോർജ് (40) എന്നിവരാണ് നെടുങ്കണ്ടം കോടതിയിൽ നേരിട്ട് കീഴടങ്ങിയത്. ഈ മാസം പതിനൊന്നിനാണ് മൂന്നംഗസംഘം വനമേഖലയിൽ നായാട്ടിനെത്തിയത്. പട്രോളിംഗ് നടത്തുകയായിരുന്ന വനപാലകരെ കണ്ട് ബിജുവും ജോർജും ഓടി രക്ഷപെടുകയും, ഒപ്പമുണ്ടായിരുന്ന മുല്ലക്കാനം ശ്രീനാരായണപുരം വെട്ടുകല്ലുമ്മാക്കൽ നിഷാന്ത് പിടിയിലാകുകയും ചെയ്തിരുന്നു. ശക്തിയേറിയ ടോർച്ചും, തിരകളും, മൃഗങ്ങളെ കെണിവച്ചു പിടിക്കുന്നതിനുള്ള കേബിൾ കുരുക്കും ഇയാളുടെ പക്കൽനിന്നും കണ്ടെടുത്തിരുന്നു. ഇയാൾ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ മറ്റ് രണ്ട് പേർക്കുമെതിരെ കേസ് എടുത്ത് അന്വേഷിക്കുന്നതിനിടെയാണ് ഇരുവരും കീഴടങ്ങിയത്. ഇവരെ 25 വരെ കോടതി റിമാന്റ് ചെയ്തു.