kk
അപകടത്തിൽപ്പെട്ട ഒരു ട്രെക്കിംഗ് ജീപ്പ് (ഫയൽ ചിത്രം)

രാജാക്കാട്: പോത്തുപാറയ്ക്ക് സമീപം മുതിരപ്പുഴക്കയത്തിൽ കുളിക്കാനിറങ്ങിയ വിനോദസഞ്ചാരസംഘത്തിലെ രണ്ട് സ്ത്രീകളും ഒരു കുട്ടിയുമുൾപ്പെടെ 6 പേർ അപകടത്തിൽപ്പെട്ടു. രണ്ടുസംഘങ്ങളായി എത്തിയവർ വ്യത്യസ്ത സമയത്താണ് കയത്തിൽ അകപ്പെട്ടത്. നാട്ടുകാർ സമോയോചിതമായി ഇടപെട്ട് രക്ഷാപ്രവർത്തനം നടത്തിയതിനാൽ വൻദുരന്തം ഒഴിവായി.

ഇന്നലെ രാവിലെ പതിനൊന്നോടെ ജീപ്പിലെത്തിയ ഒരു സ്ത്രീയും 11 വയസുള്ള ആൺ കുട്ടിയുമാണ് ആദ്യം അപകടത്തിൽപ്പെട്ടത്. വിജനമായ പ്രദേശത്തെ വെള്ളച്ചാട്ടത്തിന് സമീപം പുഴയിലിറങ്ങി കുളിയ്ക്കുന്നതിനിടെ ഇരുവരും കാൽവഴുതി ആഴമേറിയ കയത്തിൽ പതിക്കുകയായിരുന്നു. ഇതുകണ്ട ടജീപ്പിന്റെ ഡ്രൈവർ നിലവിളിച്ച് ബഹളം വച്ചതിനെ തുടർന്ന് സമീപവാസികൾ ഓടിക്കൂടി ഇരുവരെയും രക്ഷിച്ചു. ഉടൻതന്നെ ഇവരും വന്നവാഹനത്തിൽ തന്നെ മടങ്ങുകയും ചെയ്തു. വൈകിട്ട് അഞ്ചരയോടെ ചെങ്കുളത്ത് ജീപ്പിത്തിയ മറ്റൊരു സംഘത്തിലെ സ്ത്രീ ഉൾപ്പെടെ 4 പേർ കുളിക്കുന്നതിനിടെ കയത്തിൽ കാൽവഴുതിവീണു. ഈ സമയം സ്ഥലത്തുണ്ടായിരുന്ന മറ്റൊരു സംഘത്തിലെ സഞ്ചാരികൾ കൂട്ടത്തോടെ നിലവിളിച്ചതിനെ തുടർന്ന് ശ്രീനാരായണപുരം മുതലുള്ള നാട്ടുകാർ ഓടിയെത്തി നടത്തിയാണ് എല്ലാവരെയും രക്ഷിച്ചത്. വെള്ളംകുടിച്ച് അവശനിലയിലായിരുന്ന നാലുപേരെയും ഡ്രൈവർ നിർബന്ധിച്ച് വാഹനത്തിൽ കയറ്റി സ്ഥലം വിട്ടു. പിന്നീട് ഇവർക്ക് എന്തു സംഭവിച്ചുവെന്നൊ എവിടെ നിന്ന് വന്നവരെന്നൊ നാട്ടുകാർക്ക് അറിയില്ല.

പ്രധാനറോഡിൽ നിന്നും ഒരു കിലോമീറ്ററോളം ഉള്ളിലുള്ള പ്രദേശമാണിവിടം. ചെങ്കുത്തായ മലയിലൂടെ തൊഴിലുറപ്പ് പദ്ധതിപ്രകാരം റോഡ് നിർമ്മിച്ചതോടെയാണ് പുഴയിറമ്പിലേയ്ക്ക് സഞ്ചാരികളുമായി വാഹനങ്ങൾ എത്തിത്തുടങ്ങിയത്. യാതൊരു സുരക്ഷാ സംവിധാനങ്ങളുമില്ലാത്ത സ്ഥലത്തേക്ക് ഡ്രൈവർമാർ നിർബന്ധിച്ചാണ് സഞ്ചാരികളെ എത്തിയ്ക്കുന്നത്. സ്ഥലപരിചയമില്ലാത്ത സഞ്ചാരികൾക്ക് പുഴയിൽ പതിയിരിക്കുന്ന അപകടത്തെക്കുറിച്ച് വേണ്ടത്ര ഗ്രാഹ്യവുമില്ല. കഴിഞ്ഞ ജനുവരി 24 ന് ഒരു അറബ് യുവാവ് പുഴയിലെ ഒഴുക്കിൽപ്പെട്ടതടക്കം നിരവധി അപകടങ്ങളാണ് ഈവർഷം ഇവിടെ ഉണ്ടായത്. അപകടത്തിനിരയാകുന്നത് വിദേശികളൊ ഇതര സംസ്ഥാനക്കാരൊ ആയതിനാൽ ആരോടും പരാതിപോലും പറയാതെ സ്ഥലം വിടുകയാണ് പതിവ്.

അനധികൃത ജീപ്പ് സഫാരികൾ പെരുകുന്നു

കുരങ്ങിണി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ നിറുത്തിവച്ച ട്രക്കിംഗ്, ജീപ്പ് സഫാരികൾ പുനരാരംഭിച്ചതിനൊപ്പം അനധികൃത ടൂർ ഓപ്പറേറ്റർമാരുടെ കടന്നുകയറ്റവും വർദ്ധിച്ചിരിക്കുകയാണ്. ഡ്രൈവർമാർ വരുമാനം മാത്രം ലാക്കാക്കി തോന്നിയപടി ട്രിപ്പുകൾ നടത്തുന്നതാണ് പ്രശ്നങ്ങൾക്ക് കാരണം. ആനച്ചാൽ, മേരിലാന്റ്, ആനപ്പാറ, മുല്ലക്കാനം എസ്റ്റേറ്റ് റോഡ്, നാടുകാണിമല, കള്ളിമാലി തുടങ്ങിയ പ്രദേശങ്ങളിലെ അപകടകരമായ മലമ്പാതകളിലൂടെ നിറയെ സഞ്ചാരികളുമായി പായുന്ന ജീപ്പുകൾ മറിഞ്ഞും, ഇടിച്ചും നിരവധി അപകടങ്ങൾ ഇതിനോടകം ഉണ്ടായിട്ടുണ്ട്. മഹാരാഷ്ട്ര, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള രണ്ട് സഞ്ചാരികൾക്ക് ഇതിനോടകം ജീവൻ നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്.

ആനച്ചാൽ, അഞ്ചാം മൈൽ, ചെങ്കുളം എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് മുന്നൂറോളം ജീപ്പുകളാണ് ട്രെക്കിംഗ് നടത്തുന്നത്. കള്ളിമാലി വ്യൂ പോയിന്റ്, ശ്രീനാരായണപുരം, പൊന്മുടി തൂക്കുപാലം, നാടുകാണിമല തുടങ്ങിയ അംഗീകൃത കേന്ദ്രങ്ങളിലേയ്ക്ക് സർവീസ് നടത്തുന്നതിനുള്ള അനുവാദമാണ് ഇവയ്ക്ക് അധികൃതർ നൽകിയിട്ടുള്ളത്. വേഗത, സുരക്ഷിതത്വം, പെരുമാറ്റം, വാഹനത്തിന്റെ ഫിറ്റ്നസ് തുടങ്ങിയ കാര്യങ്ങളിൽ കർശനമായ ഉപാധികളോടെയാണ് അനുമതി നൽകിയിരിക്കുന്നതെങ്കിലും ഇവയെല്ലാം കാറ്റിൽപ്പറത്തിയും, മറ്റ് വാഹനങ്ങൾക്കും യാത്രക്കാർക്കും ഭീഷണി ഉയർത്തിയുമാണ് ഇവയുടെ സഞ്ചാരം.

ആളെ കൊല്ലാൻ 'റിവർ ട്രെക്കിംഗ്'

വേനൽ ആരംഭിച്ചതോടെ സ്വാഭാവിക നീരൊഴുക്ക് കുറഞ്ഞ മുതിരപ്പുഴയാറിന് കുറുകെ പാറക്കല്ലുകൾ നിരത്തി സഞ്ചാരികളുമായി വാഹനങ്ങൾ പുഴമുറിച്ച് കടക്കുന്ന അത്യന്തം അപകടകരമായ യാത്രകൾ പോലും പന്നിയാർകുട്ടിയിൽ നടക്കുന്നുണ്ട്. 'റിവർ ട്രെക്കിംഗ്' എന്ന് പേരിട്ടിരിക്കുന്ന ദുരന്തയാത്രകൾക്ക് സഞ്ചാരികളിൽ നിന്നും വൻതുകയാണ് ഡ്രൈവർമാർ ഈടാക്കുന്നത്. വൈദ്യുതോൽപ്പാദനത്തിന്റെ ഭാഗമായി ഏതുസമയത്തും മൂന്നാർ ഹെഡ് വർക്സ്, മാട്ടുപ്പെട്ടി, കുണ്ടള അണക്കെട്ടുകൾ തുറന്നുവിടുകയും, അപ്രതീക്ഷിതമായി വെള്ളം പാഞ്ഞെത്തുകയും ചെയ്യുന്ന പുഴയുടെ ഭീകരതയെ അവഗണിച്ചുകൊണ്ടാണ് ഈ സാഹസം.

നിയന്ത്രണം വേണമെന്ന് നാട്ടുകാർ

ഹൈറേഞ്ചിലേയ്ക്കുള്ള സഞ്ചാരികളുടെ ഒഴുക്ക് മുതലെടുത്ത് മതിയായ സുരക്ഷാ സംവിധാനങ്ങളോ രജിസ്‌ട്രേഷനോ ഇല്ലാത്ത അനധികൃത വിനോദസഞ്ചാര താവളങ്ങളും ട്രെക്കിംഗ് പോയിന്റുകളും പെരുകുമ്പോളും നടപടി സ്വീകരിക്കാതെ മോട്ടോർ വാഹന വകുപ്പും, പൊലീസും, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും, തദ്ദേശഭരണ സ്ഥാപനങ്ങളും മൗനം പാലിക്കുന്നതാണ് അപകടം വിളിച്ചുവരുത്തുന്നത്.

വാഗമൺ, കുമളി, രാമക്കൽമേട് തുടങ്ങിയ ജില്ലയിലെ ഇതര വിനോദസഞ്ചാര കേന്ദ്രങ്ങളിലേതുപോലെ മൂന്നാർ മേഖലയിലെയും ട്രെക്കിംഗ് ഡി.ടി.പി.സിയുടെ നിയന്ത്രണത്തിലാക്കുവാൻ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.