കുമളി: 'ക്ലീൻ കുമളി, ഗ്രീൻ കുമളി' എന്ന മുദ്രാവാക്യം അപഹാസ്യമാക്കി കുമളിയിൽ മാലിന്യം കുമിഞ്ഞുകൂടുന്നു. ഏതൊ പരിസ്ഥിതി സ്നേഹികൾ എഴുതിവച്ച നല്ലവാക്കുകൾ എന്നതിനപ്പുറം ഇന്നത്തെ സാഹചര്യത്തിൽ ഈ മുദ്രാവാക്യത്തിന് അർത്ഥമില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.
രണ്ട് മാസംമുമ്പ് പൊളിച്ചുമാറ്റിയ പൊതുശൗചാലയത്തിന്റെ അവശിഷ്ടങ്ങൾ ടൗണിന്റെ ഹൃദയഭാഗത്ത് പുരാവസ്തുശേഖരം പോലെ കാത്തു സൂക്ഷിച്ചുവച്ചിരിക്കുന്നതാണ് നാട്ടുകാരെ ചൊടിപ്പിക്കുന്നത്. മാലിന്യങ്ങൾ നീക്കം ചെയ്യാൻ രൂപീകൃതമായ ക്ലീൻ കുമളി ഗ്രീൽ കുമളി സൊസൈറ്റിയും ഈ വഴി തിരിഞ്ഞു നോക്കുന്നില്ല. ദിവസവും ആയിരക്കണക്കിന് ആളുകൾ വന്നുപോകുന്ന ബസ് സ്റ്റാന്റിലെ പൊതുവേദിക്ക് സമീപത്തുണ്ടായിരുന്ന ശൗചാലയമാണ് പൊളിച്ചുനീക്കിയത്. പൊതുവേദിക്കരുകിൽ അസൗകര്യമുണ്ടാക്കുന്നു എന്ന കാരണത്താലാണ് കെട്ടിടം പൊളച്ചത്. എന്നാൽ പൊളിച്ചുമാറ്റിയ അവശിഷ്ടങ്ങളും, ക്ലോസറ്റുകളുമുൾപ്പെടെ സ്റ്റേറ്റ് ബാങ്ക് ശാഖയ്ക്ക് സമീപം കൂട്ടിയിട്ട് ജനങ്ങളെ കൂടുതൽ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. അന്താരാഷ്ട്ര വിനോദ സഞ്ചാര കേന്ദ്രമായ തേക്കടിയുടെ കവാടമെന്ന നിലയിൽ കുമളി ലോക പ്രസിദ്ധമാണ്. സഞ്ചാരികളെ വരവേൽക്കാൻ ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ നിർമ്മിച്ചിരിക്കുന്ന അതിഥിമന്ദിരവും ഈ ക്ലോസറ്റ് കൂമ്പാരത്തിന് സമീപത്താണ്. വെബ് സൈറ്റിൽ പരതി ക്ലീൻ കുമളി, ഗ്രീൻ കുമളിയെന്ന മുദ്രാവാക്യത്തിൽ ആകൃഷ്ടരായി നാടുകാണാൻ വന്നവരും വിനോദ സഞ്ചാരികളുെട കൂട്ടത്തിലുണ്ടാകും. വിദേശികളുൾപ്പെടെ ദിവസവും നൂറിലധികം സഞ്ചാരികളാണ് ഇതുവഴി കടന്നുപോകുന്നത്. അതിനുപുറമെ കുമളി വഴി തമിഴ് നാട്ടിലേക്കും തിരിച്ചും രാത്രിയാത്ര ചെയ്യുന്നവർക്ക് അത്താഴം വച്ചുവിളമ്പുന്ന നിരവധി തട്ടുകടകൾ പ്രവർത്തിക്കുന്നതും ഈ കക്കൂസ് - ക്ലോസറ്റ് അവശിഷ്ടങ്ങൾക്ക് സമീപത്താണ്. പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലായി ഇത്തരം നിരവധി ജൈവ, അജൈവ മാലിന്യകൂമ്പാരങ്ങളുണ്ട്. വേനൽ കടുത്തതോടെ പകർച്ചവ്യാധികൾക്കുപോലും ഇത് കാരണമായേക്കാമെന്നാണ് നാട്ടുകാരുടെ ആശങ്ക. വിനോദ സഞ്ചാരികൾ ശ്രദ്ധിക്കുന്ന പ്രധാന കേന്ദ്രങ്ങളിലെ മാലിന്യങ്ങളെങ്കിലും അടിയന്തിരമായി നീക്കം ചെയ്ത് നാടിന്റെ മാനംകാക്കാൻ പഞ്ചായത്ത് ഭരണസമിതി തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.