അടിമാലി : ഇടതുമുന്നണി സ്ഥാനാർത്ഥി അഡ്വ. ജോയിസ് ജോർജ് ഇന്നലെ ദേവികുളം നിയോജക മണ്ഡലത്തിലെ അടിമാലി, പള്ളിവാസൽ, മാങ്കുളം പഞ്ചായത്തുകളിൽ പര്യടനം നടത്തി.
തൊഴിലുറപ്പ് വേതനനകുടിശിക കിട്ടാനുണ്ടെന്ന ചാറ്റുപാറയിലെ തൊഴിലാളികളുടെ പാരിതികേട്ട സ്ഥാനാർത്ഥി പണം ആവശ്യപ്പെട്ട് പ്രധാന മന്ത്രിക്ക് മുഖ്യമന്ത്രി കത്ത് നൽകിയിട്ടുണ്ടെന്നും അക്കൗണ്ടിൽ പണമെത്തുമെന്നും ഉറപ്പ് നൽകിയതോടെ തൊഴിലാളികൾക്ക് ആശ്വാസമായി. ഇനിയും എം.പി യായി ഇതുവഴി വരണമെന്നായിരുന്നു തൊഴിലാളികളുടെ പ്രതികരണം. ലൈഫ് പദ്ധതിപ്രകാരം വീട് ലഭിച്ച മച്ചിപ്ലാവ് സ്വദേശി പ്രസന്നകുമാർ അടിമാലി കാംകോ ജംഗ്ഷനിൽ അഡ്വ: ജോയ്സ് ജോർജിനെ കരം ഗ്രഹിച്ചാണ് സ്വീകരിച്ചത്. ഹോട്ടലിൽ സെക്യൂരിറ്റി ജോലിക്കാരനായ പ്രസന്നകുമാറിന്റെ വർഷങ്ങൾ നീണ്ട ജീവിത പ്രാരാബ്ധം അവസാനിച്ചത് ഒരു മാസം മുമ്പാണ്. ലൈഫ് പദ്ധതി പ്രകാരം സംസ്ഥാന സർക്കാർ അടിമാലി മച്ചിപ്ലാവിൽ പണിതീർത്ത ബഹുനില ഫ്ളാറ്റ് സമുച്ഛയത്തിലാണ് പ്രസന്നകുമാറും കുടുംബവും ഇപ്പോൾ താമസിക്കുന്നത്. പാതയോരങ്ങളിലും തൊഴിൽ ശാലകളിലും വ്യാപാര കേന്ദ്രങ്ങളിലും ജോയ്സ് ജോർജ് വോട്ടുചോദിച്ചെത്തി. വൈകിട്ട് ചെണ്ടമേളത്തിന്റെ അകമ്പടിയോടെയായിരുന്നു അടിമാലി ടൗണിലെ വോട്ട് അഭ്യർത്ഥന. എൽ.ഡി.എഫ് നിയോജകമണ്ഡലം കൺവീനർ എം.എൻ മോഹനൻ, സി.പി.എം അടിമാലി ഏരിയാ സെക്രട്ടറി ടി.കെ ഷാജി, സി.പി.ഐ മണ്ഡലം സെക്രട്ടറി വിനു സ്‌കറിയ, ക്ഷേമനിധി ബോർഡ് ചെയർമാൻ ചാണ്ടി പി. അലക്സാണ്ടർ, അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീജ ജോർജ് എന്നിവർ സ്ഥാനാർത്ഥിയോടൊപ്പം ഉണ്ടായിരുന്നു.
ഇടുക്കി: അഡ്വ: ജോയ്സ് ജോർജ് ഇന്ന് കോതമംഗലം മണ്ഡലത്തിലെ പര്യടനം ഇന്ന് രാവിലെ 7 ന് വെള്ളാരംകുത്തിൽ നിന്ന് ആരംഭിക്കും. പൂയംകുട്ടി, വടാട്ടുപാറ, കീരംപാറ, നെല്ലിക്കുഴി, പിണ്ടിമന, വാരപ്പെട്ടി, പല്ലാരിമംഗലം, കവളങ്ങാട്, മുൻസിപ്പാലിറ്റി എന്നിവിടങ്ങളിൽ സന്ദർശനം നടത്തും.
നാളെ രാവിലെ 8 ന് കല്ലൂർക്കാട് പഞ്ചായത്തിൽ നിന്നും മൂവാറ്റുപുഴയിലെ പര്യടനം ആരംഭിക്കും. കല്ലൂർക്കാട്, മഞ്ഞള്ളൂർ, ആവോലി, ആരക്കുഴ, പാലക്കുഴ, മാറാടി, വാളകം, പായിപ്ര, ആയവന, മുൻസിപ്പാലിറ്റി എന്നിവിടങ്ങളിൽ പര്യടനം നടത്തും. 23ന് ഇടുക്കിയിലും സ്ഥാനാർത്ഥി പര്യടനം നടത്തും.