തൊടുപുഴ: കർഷക വായ്പകൾക്ക് മൊറൊട്ടോറിയം പ്രഖ്യാപിച്ച് ഉത്തരവ് ഇറക്കാത്ത ഇടതുസർക്കാറിന്റെ കർഷക അവഗണനയ്ക്ക് ബാലറ്റിലൂടെ മറുപടി നൽകുമെന്ന് സ്വതന്ത്ര കർഷക സംഘം ജില്ലാ കമ്മിറ്റി പറഞ്ഞു. കൃഷിമന്ത്രിയുടെ നിരുത്തരവാദ സമീപനം കൊണ്ടാണ് ഉത്തരവ് ഇറങ്ങാതിരുന്നത്. ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കൃഷി മന്ത്രി രാജിവയ്ക്കണം. മന്ത്രിസഭാ തീരുമാനത്തിന്റെ ഉത്തരവ് 48 മണിക്കൂറിനുള്ളിൽ ഇറങ്ങണമെന്നാണ് ചട്ടം. ഇതറിയാത്തവരല്ല മന്ത്രിമാരും ചീഫ് സെക്രട്ടറിയും. യു.ഡി.എഫ് കാലത്ത് പൂട്ടിയ ബാറുകൾ പുനഃസ്ഥാപിച്ച് മിനിട്ടുകൾക്കകം ഉത്തരവ് ഇറക്കിയ സർക്കാർ കർഷകരോട് വിവേചനം കാണിക്കുകയാണ്. കൃഷിമന്ത്രിക്ക് കർഷകരോട് താത്പര്യമില്ലെന്നതാണ് ഇത് തെളിയിക്കുന്നത്. കർഷക അവഗണനകൾക്കെതിരെ ജില്ലയിലെ കർഷകർ ബാലറ്റിലൂടെ മറുപടി നൽകുമെന്ന് സ്വതന്ത്ര കർഷക സംഘം ജില്ല പ്രസിഡന്റ് ടി.എം. ബഷീർ, ജനറൽ സെക്രട്ടറി മുഹമ്മദ് ഇരുമ്പുപാലം എന്നിവർ അറിയിച്ചു.