തൊടുപുഴ: നിർദ്ധനയായ വീട്ടമ്മയുടെ വൃക്കയിലെ കല്ല് നീക്കുന്നതിനായി നടത്തിയ ശസ്ത്രക്രിയ പരാജയപ്പെട്ടതിൽ ചികിത്സാപിഴവ് ഉണ്ടായിട്ടുണ്ടോ എന്നറിയാൻ ജില്ലാ മെഡിക്കൽ ഓഫീസർ നടത്തുന്ന അന്വേഷണത്തിന്റെ പുരോഗതി അറിയിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിട്ടു. ഇന്ന് രാവിലെ പത്തരയ്ക്ക് തൊടുപുഴ പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ റിപ്പോർട്ട് ഹാജരാക്കാനാണ് കമ്മിഷൻ നിദ്ദേശം നൽകിയിരിക്കുന്നത്. അന്വേഷണത്തിന് ശേഷം എന്ത് നടപടി സ്വീകരിച്ചെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിക്കണം. നെടുങ്കണ്ടം പച്ചടികര സ്വദേശിനി നൽകിയ പരാതിയിലാണ് നടപടി. കലശലായ വയയറുവേദനയെ തുടർന്ന് നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെത്തിയ പരാതിക്കാരിയെ നെടുങ്കണ്ടം കല്ലാറിലെ സ്വകാര്യ ആശുപത്രിയിലേക്ക് റഫർ ചെയ്തു. ആരോഗ്യ ഇൻഷ്വറൻസ് കാർഡ് ഉണ്ടായിട്ടും ആശുപത്രി അധികൃതർ 25,000 രൂപ അടയ്ക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് വലതുഭാഗത്തെ വൃക്കയിൽ ശസ്ത്രക്രിയ നടത്തി. രണ്ടാഴ്ചയ്ക്ക് ശേഷം കലശലായ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് വീണ്ടും ആശുപത്രിയിലെത്തി. 15,000 രൂപ കൂടി അടയ്ക്കണമെന്ന് ആശുപത്രി അധികൃതർ നിർദ്ദേശിച്ചു. സാമ്പത്തിക പ്രതിസന്ധി കാരണം പണം അടയ്ക്കാൻ കഴിഞ്ഞില്ല. തുടർന്ന് നടത്തിയ സ്‌കാനിംഗിൽ ശസ്ത്രക്രിയ നടത്തിയതിൽ പിഴവുണ്ടെന്ന് മനസിലാക്കിയതായി പരാതിയിൽ പറയുന്നു. സ്‌കാൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ശസ്ത്രക്രിയ നടത്തിയ ഡോക്ടറെ കണ്ടപ്പോൾ അപമര്യാദയായി പെരുമാറിയെന്നും പരാതിയിലുണ്ട്. കമ്മിഷൻ ജില്ലാ പൊലീസ് മേധാവിയെ അന്വേഷണ ചുമതല ഏൽപ്പിച്ചിരുന്നു. ശസ്ത്രക്രിയ നടത്തിയ നെടുങ്കണ്ടത്തെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയുടെ ഭാഗത്ത് ചികിത്സാപിഴവുണ്ടോ എന്ന് മനസിലാക്കാൻ പരാതിക്കാരി ഹാജരാക്കിയ ചികിത്സാ രേഖകൾ ജില്ലാ മെഡിക്കൽ ഓഫീസർക്ക് കൈമാറിയതായി ജില്ലാ പൊലീസ് മേധാവി കമ്മിഷനെ അറിയിച്ചു. ഈ സാഹചര്യത്തിലാണ് പരാതിയുടെ അടിസ്ഥാനത്തിൽ ജില്ലാമെഡിക്കൽ ഓഫീസർ നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് സമർപ്പിക്കാൻ കമ്മിഷൻ ആവശ്യപ്പെട്ടത്.