തൊടുപുഴ: കൊടിയ വരൾച്ചയുടെ പശ്ചാത്തലത്തിൽ ഹരിതകേരളത്തിന്റെ 'ജലമാണ് ജീവൻ' കാമ്പയിന്റെ ഭാഗമായി വിപുലമായ ബോധവത്കരണ പ്രവർത്തനങ്ങൾക്ക് ലോക ജലദിനമായ ഇന്ന് മുതൽ തുടക്കമിടും. തൊഴിലുറപ്പ്, കുടുംബശ്രീ, അങ്കണവാടി, ആശാപ്രവർത്തകർ എന്നിവരെയാണ് ജലമാണ് ജീവൻ എന്ന ആശയപ്രചാരണത്തിന് പ്രയോജനപ്പെടുത്തുക. പൊതുകിണറുകളിലെയും കുളങ്ങളിലെയും മറ്റും വെള്ളം പാഴാക്കാതെ ഫലപ്രദമായി വിനിയോഗിക്കാനും കുടിവെള്ളസ്രോതസുകളെ സംരക്ഷിക്കാനും വിവിധ പ്രവർത്തനങ്ങളാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. ജലസ്രോതസിലെ മലിനീകരണം തടയാൻ നിയമനടപടികൾ സ്വീകരിക്കാനും ലക്ഷ്യമുണ്ട്. വേനൽക്കാലത്ത് ഉപയോഗിക്കാവുന്ന സ്രോതസുകൾ കണ്ടെത്തുന്നതിനും നടപടികളുണ്ടാവും. ജില്ലയിലെ ഉപേക്ഷിക്കപ്പെട്ട ക്വാറികളെ ജലസ്രോതസായി വിനിയോഗിക്കുന്നതിന്റെ സാധ്യതകളും തേടുന്നുണ്ട്. പാഴ്ജലം പുനരുപയോഗിക്കുന്നതിന്റെ സാധ്യതകൾ തേടുന്നതിനൊപ്പം അവ കൃത്യമായി സംസ്‌കരിക്കുന്നത് ഉറപ്പാക്കും. വേനൽ മഴയിൽ വീടുകളുടെ ടെറസിൽ പതിക്കുന്ന വെള്ളം ഫിൽട്ടർ ചെയ്ത് കിണറിലെത്തിക്കുന്ന പ്രവർത്തനങ്ങളും സംഘടിപ്പിക്കും. ജലവകുപ്പുൾപ്പെടെയുള്ള വിവിധ സർക്കാർ വകുപ്പുകളും ഹരിതകേരളവും ചേർന്നാവും ജലസംരക്ഷണപ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയെന്ന് ഹരിതകേരളം ജില്ലാ കോ-ഓർഡിനേറ്റർ ഡോ. ജി എസ് മധു പറഞ്ഞു. കുടുംബശ്രീയുടെ അയൽക്കൂട്ട ജലസഭയും ആരംഭിക്കും.