രാജാക്കാട്: പോത്തുപാറ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ ഓഫ് റോഡ് ജീപ്പ് സഫാരി അടക്കമുള്ള അനധികൃതമായ ടൂറിസം പ്രവർത്തനങ്ങൾക്ക് നിരോധനം. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ അംഗീകാരമില്ലാതെ നടത്തുന്ന എല്ലാ പ്രവർത്തനങ്ങളും അടിയന്തരമായി നിറുത്താൻ ദേവികുളം സബ്‌കളക്ടറാണ് ഉത്തരവിട്ടത്. പോത്തുപാറയ്ക്ക് സമീപം മുതിരപ്പുഴയാറിൽ കുളിക്കാനിറങ്ങിയ വിനോദ സഞ്ചാരികളായ ആറ് പേർ കയത്തിൽപ്പെട്ട സാഹചര്യത്തിൽ പ്രദേശത്ത് അനധികൃത ട്രെക്കിംഗും സുരക്ഷാ സംവിധാനങ്ങളോ അംഗീകാരമോയില്ലാത്ത വിനോദസഞ്ചാര പ്രവർത്തനങ്ങളും നടക്കുന്നതായി കേരള കൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. അനധികൃത ടൂറിസം പ്രവർത്തനങ്ങൾ നിറുത്താൻ സത്വര നടപടി സ്വീകരിക്കണമെന്ന് വെള്ളത്തൂവൽ പൊലീസിനും നിർദ്ദേശം നൽകിയിട്ടുണ്ട്. ചൊവ്വാഴ്ച്ചയാണ് പോത്തുപാറയ്ക്ക് സമീപം പ്രധാന റോഡിൽ നിന്ന് ഒരു കിലോമീറ്റർ ഉള്ളിൽ സ്ത്രീകളും കുട്ടിയുമടക്കമുള്ള ടൂറിസ്റ്റുകളുടെ ജീവൻ തന്നെ നഷ്ടപ്പെടുമായിരുന്ന രണ്ട് അപകടങ്ങൾ നടന്നത്. രാവിലെ പതിനൊന്നോടെ ട്രെക്കിംഗ് ജീപ്പിൽ എത്തിയ സ്ത്രീയും 11വയസുള്ള ആൺകുട്ടിയും പുഴയിലിറങ്ങി കുളിക്കുന്നതിനിടെ കാൽ വഴുതി ആഴമേറിയ കയത്തിൽ പതിച്ചു. സമീപവാസികൾ ഓടിക്കൂടി ഇരുവരെയും രക്ഷപ്പെടുത്തുകയായിരുന്നു. വൈകിട്ട് അഞ്ചരയോടെ ചെങ്കുളത്ത് നിന്ന് എത്തിയ മറ്റൊരു സംഘത്തിലെ സ്ത്രീ ഉൾപ്പെടെ നാല് പേർ കുളിക്കുന്നതിനിടെ ഇതേ കയത്തിൽ കാൽ വഴുതിവീണു. നാട്ടുകാർ ഇവരെയും രക്ഷിച്ചതിനാൽ ജീവഹാനിയുണ്ടായില്ല. ഈ വർഷം ആദ്യം കയത്തിൽ അകപ്പെട്ട ഒരു അറബി യുവാവിനെയും നാട്ടുകാർ രക്ഷപ്പെടുത്തിയിരുന്നു. ചെങ്കുത്തായ മലഞ്ചെരിവിൽ തൊഴിലുറപ്പ് പദ്ധതിപ്രകാരം നിർമ്മിച്ച മൺറോഡിലൂടെയാണ് പുഴയിറമ്പിലേയ്ക്ക് നിറയെ സഞ്ചാരികളുമായി ഓഫ് റോഡ് സഫാരി വാഹനങ്ങൾ എത്തുന്നത്. യാതൊരുവിധ സുരക്ഷാ സംവിധാനമോ കാവലോ ഇല്ലാത്ത ഇവിടേയ്ക്ക് ഡ്രൈവർമാർ സ്വന്ത ഇഷ്ടപ്രകാരമാണ് ട്രിപ്പ് സംഘടിപ്പിക്കുന്നത്. അനധികൃത ടൂറിസം പ്രവർത്തനങ്ങൾക്കെതിരെ ഡി.ടി.പി.സി ജില്ലാ കളക്ടർക്ക് പരാതി നൽകിയിരുന്നു.
അപകടംപിടിച്ച റിവർ ട്രെക്കിംഗ്
മൂന്നാർ മേഖലയിലെ അണക്കെട്ടുകൾ തുറന്നുവിടുമ്പോൾ കുത്തൊഴുക്ക് ഉണ്ടാകുന്ന മുതിരപ്പുഴയാറിന് കുറുകെ കല്ലുകൾ നിരത്തി സഞ്ചാരികളുമായി വാഹനങ്ങൾ പുഴ മുറിച്ച് കടക്കുന്ന അത്യന്തം അപകടംപിടിച്ച വിനോദങ്ങൾ പോലും പന്നിയാർകുട്ടി ഭാഗത്ത് നടക്കുന്നുണ്ട്. 'റിവർ ട്രെക്കിംഗ് ' എന്ന് പേരിട്ടിരിയ്ക്കുന്ന ഇതിനായി പ്രത്യേക പണം ടൂറിസ്റ്റുകളിൽ നിന്ന് ഈടാക്കുന്നുമുണ്ട്.