ഇടുക്കി: ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലും ഫ്ളയിംഗ് സ്‌ക്വാഡ്, സ്റ്റാറ്റിക് സർവയലൻസ് ടീം എന്നിവ നിലവിൽ വന്നു. തെരഞ്ഞെടുപ്പ് ചെലവുകൾ നിരീക്ഷിക്കുന്നതിനും അധികമായി മദ്യം, പണം എന്നിവ കടത്തുന്നത് നിരീക്ഷിക്കുന്നതിനും പണവിതരണം നടത്തുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനുമായി രൂപീകരിച്ചിട്ടുള്ള സ്‌ക്വാഡുകൾ ജില്ലാ മുഴുവൻ പരിശോധന നടത്തും. പഞ്ചായത്ത് സെക്രട്ടറിമാരുടെ നേതൃത്വത്തിൽ പൊലീസ് ആഫീസർ, വീഡിയോഗ്രാഫർ എന്നിവർ ഉൾപ്പെടെ ഒരു മണ്ഡലത്തിൽ രണ്ട് ഫ്ളയിംഗ് സ്‌ക്വാഡുകളാണ് പ്രവർത്തിക്കുന്നത്. പഞ്ചായത്ത് സെക്രട്ടറിമാർക്ക് എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെ പദവി നൽകിയിട്ടുണ്ട്. സ്റ്റാറ്റിക് സർവെയലൻസ് ടീമിൽ എക്സിക്യൂട്ടീവ് മജസിട്രേറ്റ് കൂടിയായ തഹസീൽദാരുടെ നേതൃത്വത്തിൽ മൂന്ന് പോലീസ് ഉദ്യോഗസ്ഥർ, ഒരു വീഡിയോഗ്രാഫർ എന്നിവരെ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്‌ക്വാഡുകളുടെ വാഹനത്തിൽ ജി.പി.എസ് സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. ഓരോ നിയോജക മണ്ഡലത്തിലും മുഴുവൻ സമയവും പര്യടനം നടത്തി തിരഞ്ഞെടുപ്പ് ചെലവ് സംബന്ധിച്ച് നോഡൽ ഓഫീസർക്ക് അതതു ദിവസം റിപ്പോർട്ട് ചെയ്യുന്നതിന് സ്‌ക്വാഡ് തലവൻമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.