mm
വടക്കേപ്പുഴ പദ്ധതിയിൽ നിന്നു വെള്ളംകൊണ്ടുപോകുന്നതിന് അനധികൃതമായി സ്ഥാപിച്ചിരിക്കുന്ന മോട്ടോർ.

ചെറുതോണി: കെ.എസ്.ഇ.ബി കോടികൾ മുടക്കി നിർമിച്ച വടക്കേപ്പുഴ പദ്ധതിയിൽ നിന്ന് അനധികൃതമായി സ്വകാര്യവ്യക്തികൾ വെള്ളം കൊണ്ടുപോകുന്നതായി പരാതി. കുളമാവ് അണക്കെട്ടിന് സമീപമുള്ള വയലിൽ ചെക്ക് ഡാം നിർമിച്ചാണ് വെള്ളം സംഭരിച്ചിരിക്കുന്നത്. ഇത് അണക്കെട്ടിലേയ്ക്ക് പമ്പുചെയ്യുകയാണ് പതിവ്. വടക്കേപ്പുഴ പദ്ധതിയ്ക്കുള്ള സ്ഥലം ഏറ്റെടുത്ത ശേഷമാണ് ചെക്ക് ഡാം നിർമിച്ചത്. ചെക്ക് ഡാം നിർമാണത്തിനും വെള്ളം പമ്പ് ചെയ്യുന്നതിനായി സ്ഥാപിച്ച പമ്പിനുമായി കെ.എസ്.ഇ.ബി കോടികളാണ് ചെലവഴിച്ചിട്ടുള്ളത്. എന്നാൽ ഇപ്പോൾ ചെക്ക് ഡാമിന് സമീപം സ്വകാര്യവ്യക്തികൾ മോട്ടോർ സ്ഥാപിച്ച് ടാങ്കറുകളിൽ വെള്ളം നിറച്ചുകൊണ്ടുപോവുകയാണ്. അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായ താഴ്ന്നുകൊണ്ടിരിക്കുമ്പോഴാണ് അനധികൃതമായി വെള്ളം കൊണ്ടുപോകുന്നത്. റോഡുകളുടെയും കെട്ടിടങ്ങളുടെയും നിർമാണത്തിനാണ് വെള്ളം കൊണ്ടുപോകുന്നതെന്നാണ് ആക്ഷേപം. ഈ വെള്ളം ഹോട്ടലുകളിൽ നൽകുന്നുണ്ടെന്നും പ്രദേശവാസികൾ പറയുന്നു. ഉദ്യോഗസ്ഥരുടെ അറിവോടെയാണ് ഇവിടെ നിന്ന് വെള്ളം കടത്തുന്നത്. വെള്ളം അനധികൃതമായി കടത്തികൊണ്ടു പോകുന്നവർക്കെതിരെയും ഇതിന് കൂട്ടുനിൽക്കുന്ന ഉദ്യോഗസ്ഥർക്കെതിരെയും നടപടിയെടുക്കണമെന്ന് സമീപവാസികൾ ആവശ്യപ്പെടുന്നു.