രാജാക്കാട്: ജൈവ വൈവിദ്ധ്യങ്ങളുടെ കലവറയായ മതികെട്ടാൻ ചോല ദേശീയോദ്യാനത്തിൽ രണ്ട് പുതിയ സസ്യങ്ങളെ ശാസ്ത്രജ്ഞർ കണ്ടെത്തി. ഇടുക്കി ജില്ലയിലെ പുഷ്പിത സസ്യങ്ങളെക്കുറിച്ചു പഠനം നടത്തിവരുന്ന കാലിക്കറ്റ് സർവകലാശാല സസ്യശാസ്ത്ര വിഭാഗം മേധാവി പ്രൊഫ. സന്തോഷ് നമ്പി, ഗവേഷകൻ ഓച്ചിറ സ്വദേശി എസ്. ശ്യാംരാധ് എന്നിവരാണ് ദക്ഷിണ പശ്ചിമഘട്ട മേഖലയിൽ ഉൾപ്പെടുന്ന മതികെട്ടാൻ ചോല വനത്തിൽ നിന്ന് പുതിയ ചെടികളെ കണ്ടെത്തിയത്. 'പെപ്പറോമിയ ഏകകേസര', 'മെമിസിലോൺ ഇടുക്കിയാനം' എന്നീ പേരുകളാണ് ഇവയ്ക്ക് നൽകിയിരിക്കുന്നത്. തിപ്പലി, കുരുമുളക്, വെറ്റില എന്നിവ ഉൾപ്പെടുന്ന സസ്യകുടുംബത്തിലെ (പൈപ്പറേസിയെ) പെപ്പറോമിയ ജനുസിൽ ഉൾപ്പെട്ടതാണ് പെപ്പറോമിയ ഏകകേസര. ഈ ജനുസിൽപ്പെട്ട മറ്റുചെടികളിൽ നിന്ന് വ്യത്യസ്തമായി ഒരു കേസരം മാത്രമാണുള്ളത് എന്നതാണ് ഈ ചെടിയുടെ പ്രത്യേകത. ഈ സവിശേഷതയാണ് 'ഏകകേസര' എന്ന് നാമകരണം ചെയ്യാൻ കാരണം. മലാസ്റ്റമറ്റസിയെ സസ്യകുടുംബത്തിലെ കായാമ്പൂവിന്റെ ജനുസിൽ (മെമിസിലോൺ) ഉൾപ്പെടുന്നതാണ് രണ്ടാമത്തെ ചെടി. സംസ്ഥാനത്ത് ഈ ജനുസിൽ കാണുന്ന മറ്റു ചെടികളിൽ നിന്ന് വ്യത്യസ്തമായി വെള്ളനിറത്തോടുകൂടിയ തണ്ടില്ലാത്ത മനോഹരമായ പൂങ്കുലകളാണ് ഈ ചെടിയിലേക്ക് ഗവേഷകരുടെ ശ്രദ്ധ ആകർഷിപ്പിച്ചത്. വിശദമായ പഠനത്തിന് ശേഷം 'മെമിസിലോൺ ഇടുക്കിയാനം' എന്ന് പേര് നൽകുകയായിരുന്നു. ഈ ഇനത്തെ ആദ്യമായി കണ്ടെത്തിയത് ഇടുക്കി ജില്ലയിൽ നിന്നായതുകൊണ്ടാണ് 'ഇടുക്കിയാനം' എന്ന പേരിട്ടത്. പെപ്പറോമിയ ഏകകേസരയുടെ പഠനഫലം ന്യൂസിലൻഡിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന 'ഫൈറ്റോടാക്‌സ' എന്ന സസ്യ വർഗീകരണ ജേർണലിന്റെ ആഗസ്റ്റ് ലക്കത്തിലും മെമിസിലോൺ ഇടുക്കിയാനത്തെക്കുറിച്ചുള്ളത് ഇംഗ്ലണ്ടിലെ റോയൽ ബൊട്ടാണിക്കൽ ഗാർഡനിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ക്യൂ ബുള്ളറ്റിന്റെ പുതിയ ലക്കത്തിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.