ഇടുക്കി: പീരുമേട്, ഉടുമ്പൻചോല നിയോജക മണ്ഡലങ്ങളിലെ തോട്ടം മേഖലകളിൽ പര്യടനം നടത്തി യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. ഡീൻ കുര്യാക്കോസ്. പാർലമെന്റ് മണ്ഡലത്തിലെ മുക്കിലും മൂലയിലും ഡീൻ കുര്യാക്കോസിനായി സൗഹൃദ കൂട്ടായ്മകൾ ഇതിനകം സജീവമായി കഴിഞ്ഞു. ഏലപ്പാറ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിൽ പങ്കെടുത്താണ് ഡീൻ കുര്യാക്കോസ് ഇന്നലത്തെ സൗഹൃദ സന്ദർശനത്തിന് തുടക്കമിട്ടത്. മുതിർന്ന പാർട്ടി പ്രവർത്തകരുടെയും അഭ്യുദയകാംക്ഷികളുടെയും വീടുകളിലും ആരാധനാലയങ്ങളിലും സന്ദർശനം നടത്തി സൗഹൃദം പുതുക്കാനും ഇതിനിടെ സമയം കണ്ടെത്തി. തുടർന്നു നെടുങ്കണ്ടത്ത് യു.ഡി.എഫ് ഉടുമ്പൻചോല നിയോജക മണ്ഡലം നേതൃസംഗമത്തിലും പങ്കെടുത്തു. നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യൻസ് പള്ളി, എസ്.എച്ച് കോൺവെന്റ്, നൂർ മുഹമ്മദിയ ജമാഅത്ത്, എൻ.എസ്.എസ് കരയോഗം ഓഫീസ്, എസ്.എൻ.ഡി.പി താലൂക്ക് യൂണിയൻ ഓഫീസ് എന്നിവിടങ്ങളിലും സന്ദർശനം നടത്തി. ആനവിലാസം പളനിക്കാവ് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ ഉത്സവത്തിൽ പങ്കെടുക്കാനെത്തിയ ഡീനെ ഭക്തർ ആരതി ഉഴിഞ്ഞ് സ്വീകരിച്ചു. ഉച്ചകഴിഞ്ഞ് യു.ഡി.എഫ് പീരുമേട് നിയോജക മണ്ഡലം നേതൃ സംഗമത്തിൽ പങ്കെടുത്ത ശേഷമാണ് കുമളി മേഖലയിൽ സൗഹൃദ സന്ദർശനം നടത്തിയത്.
ഡീൻ ഒന്നാം ഘട്ടം പൂർത്തിയാക്കി
ഡീൻ ഒന്നാം ഘട്ട തിരഞ്ഞെടുപ്പ് പ്രചാരണം പൂർത്തിയായി. ഏഴു നിയോജക മണ്ഡലങ്ങളിലെയും നേതൃതല യോഗങ്ങൾ ഇന്നലെ സമാപിച്ചു. എല്ലാ നിയോജക മണ്ഡലങ്ങളിലേയും നേതൃയോഗങ്ങളിൽ ഡീൻ പങ്കെടുത്തു. ആരാധനാലയങ്ങളിലും പൊതു സ്ഥാപനങ്ങളിലും സന്ദർശനം നടത്തിയ അദ്ദേഹം ഘടകകഷി നേതാക്കളുമായി നേരിട്ടും ഫോണിലൂടെയും ആശയവിനിമയം നടത്തി. യു.ഡി.എഫ് ജില്ലാ ചെയർമാൻ എസ്. അശോകൻ, കൺവീനർ അഡ്വ. അലക്സ് കോഴിമല, ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ, ഘടകക്ഷി നേതാക്കൾ എന്നിവർ നേതൃയോഗങ്ങളിൽ പങ്കെടുത്തു. നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് ഇടുക്കി ഡെവലപ്‌മെന്റ് അതോറിട്ടി മൈതാനിയിൽ പാർലമെന്റ് നിയോജകമണ്ഡലം കൺവെൻഷൻ നടക്കും. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്യും.