joice
എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി അഡ്വ: ജോയ്സ് ജോർജ്ജ് കോതമംഗലത്ത് കുറ്റിലഞ്ഞിയിൽ വോട്ടഭ്യർത്ഥിക്കുന്നു.

കോതമംഗലം: കോതമംഗലത്ത് എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി ജോയ്സ് ജോർജ്ജ് മിന്നൽ പര്യടനം നടത്തി. സ്ഥാനാർത്ഥി ഒറ്റദിവസം എട്ട് പഞ്ചായത്തുകൾ പൂർത്തിയാക്കി. കൈയിൽ പിടിച്ചും കുശലം പറഞ്ഞും ചേർത്തു നിറുത്തിയും വോട്ടുറപ്പിച്ചാണ് സ്ഥാനാർത്ഥിയുടെ പര്യടനം. വിസ്തൃതമായ മണ്ഡലത്തിലെ പരമാവധി വോട്ടർമാരെ നേരിൽ കാണുന്നതിനാണ് പ്രഥമ പരിഗണനയെന്ന് ജോയ്സ് പറഞ്ഞു. കുട്ടമ്പുഴയിലായിരുന്നു വ്യാഴാഴ്ചത്തെ പര്യടനത്തിന്റെ തുടക്കം. പുലർച്ചെ ഏഴിന് തന്നെ വെള്ളാരംകുത്തിൽ സ്ഥാനാർത്ഥിയും സംഘവും എത്തി. കോതമംഗലത്തെ ഗോത്രവർഗ ഭൂരിപക്ഷമുള്ള പഞ്ചായത്താണ് കുട്ടമ്പുഴ. വടാട്ടുപാറയും, പൂയംകുട്ടിയും കടന്ന് ആദിവാസി മേഖലയിൽ പര്യടനം നടത്തി കാർഷിക പ്രദേശമായ കീരംപാറയിലെത്തി. പ്രശസ്ത പക്ഷിസങ്കേതമായ തട്ടേക്കാടിലൂടെയാണ് സ്ഥാനാർത്ഥിയും സംഘവും മുന്നോട്ട് നീങ്ങിയത്.
നെല്ലിക്കുഴി പഞ്ചായത്തും പിണ്ടിമനയും പൂർത്തിയാക്കി കോതമംഗലത്തിന്റെ കിഴക്കുഭാഗത്തുള്ള വാരപ്പെട്ടി, പല്ലാരിമംഗലം, കവളങ്ങാട് പഞ്ചായത്തുകളിൽ വോട്ടർമാരെ കണ്ട് നഗരസഭയിലാണ് സമാപനം കുറിച്ചത്. സ്‌കൂൾ വിദ്യാർത്ഥികളോടും തൊഴിലുറപ്പ് തൊഴിലാളികളോടുമൊപ്പമാണ് സ്ഥാനാർത്ഥി കൂടുതൽ സമയവും ചിലവഴിച്ചത്. മലയോര ഹൈവേയുടെ നിർമ്മാണത്തിന് വനംവകുപ്പ് തടസം നിന്നതിനെതിരെ നിരാഹാര സമരം നടത്തിയ നേര്യമംഗലത്തും ജോയ്സ് ജോർജ്ജ് വോട്ടഭ്യർത്ഥിച്ചു.

ഇന്ന് മൂവാറ്റുപുഴയിലും നാളെ ഇടുക്കിയിലും

ജോയ്സ് ഇന്ന് മൂവാറ്റുപുഴയിൽ പര്യടനം നടത്തും. രാവിലെ ഏഴിന് ആയവന പഞ്ചായത്തിൽ നിന്നാണ് തുടക്കം. തുടർന്ന് കല്ലൂർക്കാട്, ആവോലി, മഞ്ഞള്ളൂർ, ആരക്കുഴ, പാലക്കുഴ, മാറാട്, വാളകം, പായിപ്ര, നഗരസഭ എന്നിവിടങ്ങളിൽ പര്യടനം നടത്തും. ശനിയാഴ്ച രാവിലെ ഇടുക്കിയിൽ കുടയത്തൂർ പഞ്ചായത്തിലെ കൂവപ്പിള്ളി ചക്കിക്കാവിൽ നിന്ന് പര്യടനം ആരംഭിക്കും. കുടയത്തൂർ, അറക്കുളം, വാഴത്തോപ്പ്, കഞ്ഞിക്കുഴി, വാത്തിക്കുടി, മരിയാപുരം പഞ്ചായത്തുകളിലാണ് പര്യടനം.