മറയൂർ: അമ്പലപ്പാറ ചന്ദന കേസിൽ കാന്തല്ലൂർ പഞ്ചായത്തിലെ നാലു പേർ കൂടി വനം വകുപ്പിന്റെ പിടിയിലായി. പെരടി പള്ളം സ്വദേശി ബാലകൃഷ്ണൻ (36), ഭാര്യ നാഗറാണി (28), വണ്ണാന്തുറൈ സ്വദേശി മുത്തു. കെ (35), ഭാര്യ ശിവശങ്കരി (29) എന്നിവരാണ് പിടിയിലായത്. ഇവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ലക്ഷങ്ങൾ എത്തിയതായി വനം വകുപ്പ് ഉദ്യോഗസ്ഥരുടെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. പിടിക്കപ്പെട്ട സ്ത്രീകളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. മാർച്ച് 11ന് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ അടിമാലിക്കടുത്ത് വാളറയിൽ വാഹന പരിശോധനയ്ക്കിടയിൽ ആഡംബര കാറിലെ രഹസ്യ അറയിൽ നിന്ന് 60 കിലോ ചന്ദനം കണ്ടെടുത്തിരുന്നു. മലപ്പുറം സ്വദേശി സെയ്ഫുദ്ദീൻ, കാസർഗോഡ് സ്വദേശി മധുസൂദനൻ എന്നിവരെ കസ്റ്റഡിയിൽ എടുത്തു. ഒരാൾ ഓടി രക്ഷപ്പെടുകയും ചെയ്തു. പിടിയിലായവരെ ചോദ്യം ചെയ്തതിൽ നിന്നും മൊബൈൽ പരിശോധിച്ചതിൽ നിന്നുമാണ് കൂടുതൽ വിവരങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചത്. മൊബൈൽ ഫോണിൽ നിന്ന് ഇപ്പോൾ പിടിയിലായവരുടെ അക്കൗണ്ട് നമ്പറും നേരിട്ടും ബാങ്കിലൂടെയും കൈമാറിയ തുകയുടെ വിവരവും ലഭിച്ചു. ഒരു കിലോയ്ക്ക് 2500 രൂപ മുതൽ 3000 രൂപ വരെ വിലയ്ക്കാണ് മലപ്പുറം സംഘത്തിന് ചന്ദനം നൽകിയത്. ചന്ദനത്തിന്റെ വിലയിൽ 25 ശതമാനം മാത്രമാണ് ബാങ്ക് അക്കൗണ്ട് വഴി നൽകിയത്. ബാക്കി തുക നേരിട്ടാണ് നൽകിയത്.