തൊടുപുഴ: സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ 114 പരാതികൾ പരിഗണിച്ചതിൽ തീർപ്പാക്കിയത് 25 എണ്ണം. 44 പരാതികളിൽ കക്ഷികളെ വിസ്തരിച്ചാണ് 25 കേസുകൾ തീർപ്പാക്കിയത്. മറ്റുള്ള പരാതികൾ മേൽ നടപടികൾക്കും അന്തിമ തീരുമാനത്തിനുമായി മാറ്റി. ഇന്നലെ കമ്മിഷൻ ചെയർമാൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് തൊടുപുഴ റസ്റ്റ് ഹൗസിൽ നടത്തിയ സിറ്റിംഗിലാണ് പരാതികൾ പരിഗണിച്ചത്. ജില്ലയിൽ അനധികൃത ലാബുകൾ പ്രവർത്തിക്കുന്നതുമായി ബന്ധപ്പെട്ട് മണിയാറൻകുടി സ്വദേശി അനിൽകുമാർ നൽകിയ പരാതിയിൽ കമ്മിഷൻ ജില്ലാ മെഡിക്കൽ ഒാഫീസറുടെ റിപ്പോർട്ട് തേടിയിരുന്നു. ജില്ലയിൽ അപാകതകൾ കണ്ടെത്തിയ ചില ലാബുകൾ അടച്ചുപൂട്ടാൻ നിർദേശം നൽകിയെന്നും പിന്നീട് ന്യൂനതകൾ പരിഹരിച്ച് ലാബ് അധികൃതർ അപേക്ഷ നൽകിയപ്പോൾ മതിയായ വ്യവസ്ഥകളോടെ പ്രവർത്തിക്കാൻ അനുമതി നൽകിയെന്നും ജില്ലാ മെഡിക്കൽ ഓഫീസർ കമ്മിഷന് റിപ്പോർട്ട് നൽകി. കാർ രജിസ്റ്റർ ചെയ്യാൻ മോട്ടോർ വാഹന വകുപ്പിന്റെ തൊടുപുഴ ഓഫീസിലെത്തിയ ഇരു കൈകൾക്കും സ്വാധ്വീനമില്ലാത്ത പെൺകുട്ടിയോട് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ അപമര്യാദയായി പെരുമാറിയെന്ന പരാതിയും കമ്മിഷന് മുന്നിലെത്തി. ഹൈക്കോടതി ഉത്തരവു പ്രകാരം ലേണേഴ്‌സ് എടുക്കുന്നതിനായി പ്രത്യേകം രൂപകൽപന ചെയ്ത കാർ രജിസ്റ്റർ ചെയ്യാനാണ് പെൺകുട്ടിയെത്തിയത്. തിരഞ്ഞെടുപ്പ് നടക്കുന്ന സമയമായതിനാൽ അടുത്ത സിറ്റിംഗിന്റെ തീയതി തീരുമാനിച്ചില്ലെന്നും കമ്മിഷൻ ചെയർമാൻ അറിയിച്ചു