vagamon
വാഗമൺ കോലാഹലമേടിന് സമീപം സാഹസീക വിനോദസഞ്ചാര പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ മേൽക്കൂര തകർന്ന നിലയിൽ

ഇടുക്കി: വീണിതാ കിടക്കുന്നു ധരണിയിൽ അടിതെറ്റി വീണൊരു ആനയെപ്പോൽ... എന്ന കവിതാശകലം പോലെയാണ് വാഗമൺ സാഹസിക വിനോദസഞ്ചാര കേന്ദ്രത്തിന്റെ കാര്യ. വലിയ ആനയാണെന്ന് വീമ്പ് പറഞ്ഞ് കൊണ്ടുവരുന്ന സംരഭങ്ങളെല്ലാം അടുത്തിടെ അടിതെറ്റി വീഴുന്ന കാഴ്ചയാണിവിടെ. കോടികൾ മുടക്കി നിർമ്മിക്കുന്ന വാഗമണ്ണിലെ സാഹസിക വിനോദസഞ്ചാരകേന്ദ്രത്തിലെ ബർമ ബ്രിഡ്ജ് തകർന്ന് ഒരു മാസം പോലും തികയും മുമ്പെ പുതിയ കെട്ടിടത്തിന്റെ മേൽക്കൂരയും നിലംപൊത്തി. കഴിഞ്ഞ 11നുണ്ടായ ചെറിയ കാറ്റിൽ കെട്ടിടത്തിന്റെ മേൽക്കൂരയിലെ ഇരുമ്പ് പൈപ്പുകളും മേച്ചിൽഷീറ്റുമടക്കം നിലംപൊത്തുകയായിരുന്നു. സഞ്ചാരികൾക്ക് വിശ്രമിക്കുന്നതിനും മറ്റുമായി നിർമ്മിച്ച കെട്ടിടത്തിന്റെ മേൽക്കൂരയാണ് തകർന്ന് വീണത്. സംഭവം പുറംലോകം അറിയുന്നതിന് മുമ്പ് പുനഃസ്ഥാപിച്ചു. വാഗമൺ കോലാഹലമേട് ആത്മഹത്യാമുനമ്പിന് സമീപത്താണ് സാഹസിക വിനോദ സഞ്ചാരത്തിനുള്ള 40 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്. ഇതിൽ ആദ്യഘട്ടത്തിൽ പൂർത്തിയായ ബർമബ്രിഡ്ജ് കഴിഞ്ഞമാസം 23 ന് തകർന്നുവീണ് 12 പേർക്ക് പരിക്കേറ്റിരുന്നു. പണി പൂർത്തിയായെങ്കിലും സഞ്ചാരികൾക്ക് പ്രവേശനം അനുവദിക്കുന്നതിന് മുമ്പ് അതിക്രമിച്ചുകയറിയവരാണ് അപകടത്തിൽപ്പെട്ടത്. ഈ സംഭവത്തിന് ശേഷം ഇവിടേക്ക് വിനോദസഞ്ചാരികൾക്ക് കർശന നിയന്ത്രണമേർപ്പെടുത്തിയിരുന്നു. അതുകൊണ്ട് കെട്ടിടത്തിന്റെ മേൽക്കൂര തകർന്നവിവരം പുറംലോകം അറിഞ്ഞില്ല.

പാർക്കിന്റെ നിർമ്മാണം പൂർത്തിയാക്കി വിനോദസഞ്ചാര വകുപ്പിന് കൈമാറ്റം ചെയ്യാത്തതിനാൽ നിലവിലെ സാഹചര്യത്തിൽ ഇവിടെയുണ്ടാകുന്ന ഏത് തകരാറും പരിഹരിക്കേണ്ടത് കരാറുകാരുടെ ചുമതലയാണ്. അതുകൊണ്ടുതന്നെ മേൽക്കൂര തകർന്നവിവരം ഇരുചെവിയറിയാതെ അവർ പരിഹരിച്ചു. ഏപ്രിൽ ആദ്യവാരം പദ്ധതി ടൂറിസം വകുപ്പിന് കൈമാറുമെന്നാണ് വിവരം. കൈമാറിക്കിട്ടിയാൽ ഉടൻ ഏറ്റെടുത്ത് നടത്താനുള്ല ഏജൻസിയുമായി ടൂറിസം വകുപ്പ് കരാറും ഉറപ്പിച്ചു. അതേസമയം നിർമ്മാണവേളയിൽ തന്നെ ഒരോന്നായി നിലംപൊത്തുന്ന സാഹചര്യത്തിൽ ഭാവിയിൽ ഇവിടെയെത്തുന്ന സഞ്ചാരികളുടെ ജീവന് എത്രമാത്രം സുരക്ഷിതത്വം ഉണ്ടെന്ന ചോദ്യമാണുയരുന്നത്. കോടികൾ മുടക്കി കൊട്ടിഘോഷിച്ച് നടപ്പിലാക്കിയ പദ്ധതിയിൽ ഒന്നിലധികം സുരക്ഷാപാളിച്ചകൾ ഉണ്ടായിട്ടും ഗൗരവമായി എടുക്കാനോ ഫലപ്രദമായി ഇടപെടാനോ വിനോദസഞ്ചാരവകുപ്പ് തയ്യാറാകുന്നില്ലെന്നാണ് ആക്ഷേപം.

സാഹസിക വിനോദസഞ്ചാര കേന്ദ്രം എന്നാൽ

കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ ഭാരത് ദർശൻ പരിപാടിയുടെ ഭാഗമായി സംസ്ഥാന വിനോദസഞ്ചാര വികസന വകുപ്പാണ് പദ്ധതി നടപ്പിലാക്കുന്നത്. പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാൻ പ്രീഫാബ് ലിമിറ്റഡാണ് നിർമ്മാണ ജോലികൾ കരാർ എടുത്തിരിക്കുന്നത്. പ്രദേശത്തിന്റെ പാരിസ്ഥിതിക പ്രാധാന്യം കണക്കിലെടുത്ത് മൊട്ടക്കുന്നിൽ കോൺക്രീറ്റ് ഒഴിവാക്കിയുള്ള നിർമ്മാണമാണ് നടക്കുന്നത്. അഡ്വഞ്ചര്‍ പാര്‍ക്ക്, ഇക്കോ ലോഡ്ജ്, വാക്ക് വേകള്‍, ആംഫി തിയേറ്റര്‍, ബഗ്ഗി കാറുകള്‍, ബർമബ്രിഡ്ജ തുടങ്ങിയവ പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്നുണ്ട്.