തൊടുപുഴ: ജില്ലാ ആശുപത്രിയോടനുബന്ധിച്ച് പ്രവർത്തിച്ചിരുന്ന നീതി മെഡിക്കൽ സ്റ്റോർ അടച്ച് പൂട്ടിയത് പാവപ്പെട്ട രോഗികളെ ദുരിതത്തിലാക്കി. കൺസ്യൂമർ ഫെഡിന്റെ കീഴിൽ കഴിഞ്ഞ എട്ട് വർഷമായി പ്രവർത്തിച്ച് വന്നിരുന്ന സ്ഥാപനമാണ് ഒരു മുന്നറിയിപ്പുമില്ലാതെ അധികാരികൾ പൂട്ടിയത്. സ്വകാര്യ മെഡിക്കൽ സ്റ്റോറുകളിലെ വിലയേക്കാൾ 18 മുതൽ 40 ശതമാനം വരെ കുറച്ച് ഇവിടെ നിന്ന് മരുന്നുകൾ ലഭിച്ചിരുന്നു. ആശുപത്രിയിൽ സ്റ്റോക്ക് ഇല്ലാത്ത മരുന്നുകൾ പുറത്ത് നിന്ന് വാങ്ങേണ്ടി വന്നാൽ രോഗികൾക്ക് ഏറെ ആശ്വാസമായിരുന്ന സ്ഥാപനമാണ് കഴിഞ്ഞ രണ്ട് മാസക്കാലമായി അടഞ്ഞ് കിടക്കുന്നത്. ആശുപത്രി വികസന സമിതി സജ്ജമാക്കിയ സ്ഥലത്തായിരുന്നു കൺസ്യൂമർ ഫെഡിന്റെ നീതി മെഡിക്കൽ സ്റ്റോർ പ്രവർത്തിച്ചിരുന്നത്. ജില്ലാ ആശുപത്രിയുടെ കീഴിൽ പുതിയതായി മെഡിക്കൽ സ്റ്റോർ തുടങ്ങുന്നതിന് നിലവിലെ മെഡിക്കൽ സ്റ്റോർ പ്രവർത്തനം അവസാനിപ്പിക്കണമെന്ന് കാണിച്ച് ആശുപത്രി സൂപ്രണ്ട് അന്ത്യ ശാസനം നൽകിയതാണ് അടച്ച് പൂട്ടാൻ കാരണമെന്ന് കൺസ്യൂമർ ഫെഡിന്റെ കൊച്ചി ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥൻ 'കേരള കൗമുദിയോട് ' പറഞ്ഞു. ജില്ലാ ആശുപത്രിയുടെ നേതൃത്വത്തിൽ മെഡിക്കൽ സ്റ്റോർ ആരംഭിക്കണമെങ്കിൽ ഡ്രഗ്സ് കൺട്രോളറുടെ അനുമതിയടക്കം നിരവധി കടമ്പകൾ കടക്കണം. അംഗീകാരമുള്ള ഫാർമസിസ്റ്റിനെ കണ്ടെത്തി ആശുപത്രിയുടെ കരാർ പ്രകാരം ഇത്ര വർഷം മെഡിക്കൽസ്റ്റോർ സ്വന്തം ഉത്തരവാദിത്വത്തിൽ നടത്തിക്കൊണ്ടു പോകാമെന്നുള്ള ബോണ്ട്‌ നൽകണമെന്ന വ്യവസ്ഥയും തടസമാവുകയാണ്. അംഗീകാരമുള്ള ചില ഫാർമസിസ്റ്റുകൾ മെഡിക്കൽ സ്റ്റോർ ഏറ്റെടുത്ത് നടത്താൻ താത്പര്യം പ്രകടിപ്പിച്ചെങ്കിലും വ്യവസ്ഥകൾ അംഗീകരിച്ച് കരാറിൽ ഒപ്പ് വയ്ക്കാൻ ആരും തയ്യാറാവുന്നില്ല. കൺസ്യൂമർ ഫെഡിന്റെ കീഴിൽ നല്ല രീതിയിൽ പ്രവർത്തിച്ച് വന്നിരുന്ന നീതി മെഡിക്കൽ സ്റ്റോർ അടച്ച് പൂട്ടാൻ കാണിച്ച തിടുക്കം പുതിയത് പ്രവർത്തന സജ്ജമാക്കുന്നതിൽ കാണിക്കാത്തതിൽ വ്യാപകമായ പ്രതിഷേധമാണ് ഉണ്ടാവുന്നത്.