ഇടുക്കി: മാതൃകാപെരുമാറ്റച്ചട്ടം ലോക്സഭാ തിരഞ്ഞെടുപ്പ് നടപടിക്രമം തീരുന്നതുവരെ സർക്കാർ ജീവനക്കാർ കർശനമായി പാലിക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ ജില്ലാകളക്ടർ എച്ച്. ദിനേശൻ അറിയിച്ചു. സർക്കാർ ജീവനക്കാർ രാഷ്ട്രീയപാർട്ടികളുമായി ബന്ധപ്പെട്ട് പ്രചരണങ്ങളിലും യാതൊരു രാഷ്ട്രീയ പ്രവർത്തനങ്ങളിലും ഏർപ്പെടാൻ പാടില്ല. രാഷ്ട്രീയബന്ധമുള്ള യാതൊരു പോസ്റ്റുകളും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യരുത്. എല്ലാ രാഷ്ട്രീയപാർട്ടികളോടും നിഷ്പക്ഷത പാലിക്കേണ്ടതും രാഷ്ട്രീയബന്ധമുള്ള തർക്കങ്ങൾ, ചർച്ചകൾ എന്നിവയിൽ നിന്ന് ഒഴിഞ്ഞു നിൽക്കേണ്ടതുമാണ്. തിരഞ്ഞെടുപ്പ് യോഗങ്ങളോ ക്യാമ്പയിനുകളോ സംഘടിപ്പിക്കാനോ പങ്കെടുക്കാനോ പാടില്ല. ക്രമസമാധാനം, സുരക്ഷ എന്നിവയുടെ ചുമതല നിർവഹിക്കാനല്ലാതെ അത്തരം യോഗങ്ങളിൽ ഹാജരാകാനും പാടില്ല. സർക്കാർ ജീവനക്കാർ രാഷ്ട്രീയപാർട്ടികളിൽ അംഗമാകുവാനോ പ്രവർത്തിക്കുവാനോ അത്തരം പ്രസ്ഥാനങ്ങളെ സഹായിക്കുവാനോ പാടില്ല. വോട്ട് അഭ്യർത്ഥിക്കാനോ തന്റെ സ്വാധീനം ഉപയോഗിക്കാനോ പാടില്ല. ഇവ കർശനമായി പാലിക്കണമെന്നും യാതൊരുവിധ ലംഘനവും നടത്താൻ പാടില്ലെന്നും കളക്ടർ നിർദ്ദേശിച്ചു.