അടിമാലി: സംസ്ഥാനത്തെ 14335 റേഷൻ കടകൾക്കും ഇനി ഒരേ നിറമായിരിക്കും. വെള്ള, ചുമപ്പ്, മഞ്ഞ നിറങ്ങൾ നൽകിയാണ് റേഷൻ കടകളൊന്നാകെ നവീകരിക്കുന്നത്. സംസ്ഥാനത്തെവിടെയുമുള്ള റേഷൻകടകൾ ഇനി ഒറ്റ നോട്ടത്തിൽ തിരിച്ചറിയാനാകുമെന്നതാണ് പുതിയ പരിഷ്‌കാരത്തിന്റെ പ്രത്യേകത. സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ നിയമം നടപ്പിലാക്കുന്നതിന്റെ ഭാഗമായിട്ടാണ് സാധരണക്കാർ ഏറ്റവും അധികം ആശ്രയിക്കുന്ന റേഷൻകടകൾ സർക്കാർ നവീകരിച്ചത്. കടകളുടെ നെയിം ബോർഡ്, സ്റ്റോക്ക് ബോർഡ് എന്നിവയ്ക്കും ഇനിമുതൽ ഒരേ നിറമായിരിക്കും. റേഷൻകടകൾക്ക് ഒരേ നിറം നൽകാനുള്ള സർക്കാർ തീരുമാനം ഏറെക്കുറെ പൂർത്തീകരിച്ചു കഴിഞ്ഞു. കഴിഞ്ഞ 28ന് എല്ലാ റേഷൻ കടകളുടെയും നവീകരണം പൂർത്തീകരിക്കണമെന്നായിരുന്നു സർക്കാർ നിർദ്ദേശം. ജില്ലയിൽ മാത്രം 702 റേഷൻകടകൾ വിവിധ ഭാഗങ്ങളിലായി പ്രവർത്തിക്കുന്നുണ്ട്. അതേ സമയം കട നവീകരണത്തിനായി സർക്കാർ നൽകുമെന്നറിയിച്ചിരുന്ന 2500 രൂപ ലഭിക്കുന്നതിൽ കാലതാമസം നേരിടുകയാണെന്ന പരാതി കടയുടമകൾ മുമ്പോട്ട് വയ്ക്കുന്നുണ്ട്. ഒരോ കടയും നവീകരിക്കാൻ കുറഞ്ഞത് പതിനായിരം രൂപയെങ്കിലും വേണ്ടി വരുമെന്നിരിക്കെ സർക്കാർ നൽകുമെന്നറിയിച്ച തുക വിതരണം ചെയ്യാൻ നടപടി വേണമെന്നാണ് കടയുടമകളുടെ ആവശ്യം.