ഇടുക്കി: മണ്ഡലത്തിന്റെ മുക്കുംമൂലയും അരിച്ചുപെറുക്കി മുഴുവൻ ആളുകളെയും നേരിൽകണ്ട് വോട്ടുചോദിക്കുകയെന്നത് ഇടുക്കിയിലെ സ്ഥാനാർത്ഥികൾക്ക് ബാലികേറാമലയാകും. അതാണ് ഭൂമിശാസ്ത്രപരമായി ഇടുക്കിയുടെ ബ്രഹ്മാണ്ഡ മണ്ഡലാകാരം. രണ്ട് സംസ്ഥാനങ്ങളിലെ ഏഴ് ലോക്സഭമണ്ഡലങ്ങളുമായി അയൽപക്ക ബന്ധമുണ്ട് ഇടുക്കി മണ്ഡലത്തിന്. കോട്ടയം, ചാലക്കുടി, പത്തനംതിട്ട, പൊള്ളാച്ചി, ദിണ്ഡുക്കൽ, തേനി, തെങ്കാശി മണ്ഡലങ്ങളാണ് അയൽപക്കക്കാർ. ദേവികുളം, ഉടുമ്പൻചോല, പീരുമേട്, ഇടുക്കി, തൊടുപുഴ, മൂവാറ്റുപുഴ, കോതമംഗലം എന്നിങ്ങനെ ഏഴ് നിയമസഭാ നിയോജക മണ്ഡലങ്ങളടങ്ങിയ ഇടുക്കിയുടെ ഒരറ്റത്ത് നിന്ന് മറ്റേ അറ്റത്ത് എത്തുകയെന്നത് അത്ര നിസാരമമല്ല. ദേവികുളം മണ്ഡലത്തിലെ കാന്തല്ലൂരിൽ നിന്ന് പീരുമേടിന്റെ പടിഞ്ഞാറെ അറ്റത്തുള്ള കൊക്കയാറിൽ എത്താൻ കേരളത്തിലൂടെ യാത്രചെയ്യുന്നതിലും എളുപ്പം തമിഴ്നാട്ടിലെ ഉടുമൽപേട്ട, തേനി വഴി പോകുന്നതാണ്- 204 കിലോമീറ്റർ ദൂരം. മറയൂർ, മൂന്നാർ, ഉടുമ്പൻചോല, വഴി 240 കിലോമീറ്ററാണ് കൊക്കയാറിലേക്കുള്ള ദൂരം. അതുപോല കോതമംഗലത്ത് നിൽക്കുന്ന സ്ഥാനാർത്ഥിക്ക് പെരുവന്താനത്ത് ഒരു പരിപാടിയിൽ പങ്കെടുക്കണമെങ്കിൽ കോട്ടയം, പത്തനംതിട്ട ലോക്സഭമണ്ഡലത്തിലൂടെ യാത്ര ചെയ്യുന്നതാകും എളുപ്പം. ജില്ലാ ആസ്ഥാനമായ പൈനാവിൽ നിന്ന് മണ്ഡലാതിർത്തിയിലെ പ്രധാന സ്ഥലങ്ങളിലേക്ക് 60 മുതൽ 102 കിലോമീറ്റർ വരെ ദൂരമുണ്ട്. അങ്ങനെയുള്ളൊരു മണ്ഡലത്തിൽ ഒരുവട്ടം ഓടിയെത്തുക എന്നത് സ്ഥാനാർത്ഥികളെ സംബന്ധിച്ച് സ്വപ്നം മാത്രമാണ്. എല്ലാത്തിനുമുപരി ജീപ്പ് പോലും പോകാത്ത റോഡുള്ള സ്ഥലങ്ങളും നിരവധിയാണ്. ഫ്റണ്ട്ഗിയർ ഉള്ള ജീപ്പുകൾ അതിസാഹസികരായ ഡ്രൈവർമാരുടെ മനക്കരുത്തുകൊണ്ടുമാത്രം ഓടിക്കയറുന്ന വഴികളും ധാരാളമുണ്ട്. അവിടെയൊക്കെ രണ്ടോ മൂന്നോ കിലോമീറ്റർ യാത്രചെയ്യാൻ മണിക്കൂറുകൾ വേണ്ടിവരും. അതുകൊണ്ട് അഞ്ചുവർഷത്തിലൊരിക്കൽ നടക്കുന്ന തിരഞ്ഞെടുപ്പായിട്ടും സ്ഥാനാർത്ഥികൾ നേരിട്ടുവന്ന് വോട്ട് ചോദിച്ചില്ലെന്ന് ഇടുക്കിയിലെ ജനങ്ങൾ പരാതി പറയരുത്. ആഗ്രഹമില്ലാഞ്ഞിട്ടായിരിക്കില്ല, നടക്കാത്തതുകൊണ്ടാണെന്ന് മനസിലാക്കണം. സ്ഥാനാർത്ഥിയെന്നല്ല, വിജയിച്ചുപോയ എം.പിയെയും എം.എൽ.എമാരെയും ഒരിക്കലും നേരിട്ടുകണ്ടിട്ടില്ലാത്തവരും ഇടുക്കിയിലുണ്ടാകും. ഇടമലക്കുടിയും മേമാരിയും കണ്ണമ്പടിയുമൊക്കെ അതിൽ ചില പ്രദേശങ്ങൾ മാത്രമാണ്.