ചെറുതോണി: കഞ്ഞിക്കുഴി പഞ്ചായത്തിലെ കുടുംബശ്രീയിൽ നടന്ന സാമ്പത്തിക തട്ടിപ്പിനെക്കുറിച്ച് രഹസ്യാന്വേഷണ വിഭാഗം അന്വേഷണമാരംഭിച്ചു. പഞ്ചായത്തിന്റെ സി.ഡി.എസ് ചെയർപേഴ്സനും സഹായിയും ചേർന്ന് ഒരു കോടിയോളം രൂപ തട്ടിയെടുത്തതായാണ് ആരോപണം. ഇതിനോടകം അറുപതോളം വീട്ടമ്മമാർക്ക് പണം നഷ്ടമായി. കുടുംബശ്രീയുടെ കീഴിൽ 440 ജെ.എൽ.ജി ഗ്രൂപ്പിലായി നാലായിരത്തോളം അംഗങ്ങളാണുള്ളത്. ഇതിൽ ബാങ്ക് വായ്പ ആവശ്യമില്ലാത്തതും തിരിച്ചടക്കാൻ നിർവാഹമില്ലാത്തതുമായ വീട്ടമ്മമാരെ കണ്ടെത്തി അവരെക്കൊണ്ട് വായ്പ എടുപ്പിച്ച ശേഷം ആ പണം കൈവശപ്പെടുത്തിയാണ് തട്ടിപ്പ് നടത്തിയത്. ഒരു ലക്ഷം രൂപ വായ്പയെടുത്തു കൊടുത്താൽ 20,​000 രൂപവരെ വീട്ടമ്മമാർക്ക് സൗജന്യമായി നൽകും. ഇതിനു പുറമെ വായ്പത്തുകയും പലിശയും സ്വന്തം ചിലവിൽ തിരിച്ചടച്ചോളാമെന്ന് ഉറപ്പും നൽകിയാണ് വനിതകളെ ചതിക്കുഴിയിൽ വീഴ്ത്തിയത്. നിർദ്ധനരും കൂലിപ്പണിക്കാരുമായ വീട്ടമ്മമാരാണ് തട്ടിപ്പിന് ഇരയായത്. എന്നാൽ പണമെടുത്തു നൽകിയ പലരും ബാങ്കിൽ നിന്ന് നോട്ടീസ് വന്നപ്പോഴാണ് കബളിപ്പിക്കലിന് ഇരയായ വിവരം മനസിലാക്കിയത്. ഇത്തരത്തിൽ 13 വനിതകൾ മുൻ കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്റിന്റെ അടുത്ത് പരാതി നൽകിയിരുന്നു. പരാതി പൊലീസിനു കൈമാറുന്നതിനു പകരം ഒതുക്കിത്തീർക്കാൻ ശ്രമിച്ചതായും ആരോപണമുണ്ട്. തട്ടിപ്പിനിരയായ വെൺമണി പാലേക്കുടിയിൽ ജെസി ജോഷി, കൂടത്തൊട്ടി പുരമോളിൽ ഗ്രേസി പീറ്റർ, പാലപ്ലാവ് ആദിവാസി കോളനിയിലെ കോരാളിയിൽ മിനി തുടങ്ങിയവർ തട്ടിപ്പിന് ഇരയായവരാണ്. ഇവർ പഞ്ചായത്തിലും കുടുംബശ്രീയിലും പരാതി നൽകി നിരവധി തവണ ഓഫീസുകൾ കയറിയിറങ്ങിയതിനെ തുടർന്ന് ഇവരുടെ പണം നൽകി കേസ് ഒത്തുതീർപ്പാക്കുകയായിരുന്നു. എന്നാൽ നിരവധി വനിതകളുടെ ലോൺ അടയ്ക്കുകയോ,പണം തിരികെ നൽകുകയോ ചെയ്തിട്ടില്ല. പുതിയ പദ്ധതികൾക്ക് പ്രോജക്ട് റിപ്പോർട്ടുകൾ ഉണ്ടാക്കിയും പണം തട്ടിപ്പ് നടത്തിയിട്ടുണ്ട്. കടലാസ് സംഘടനകൾ ഉണ്ടാക്കിയായിരുന്നു തട്ടിപ്പ്. കഞ്ഞിക്കുഴിയിൽത്തന്നെ നിരവധി ബാങ്കുകൾ ഉള്ളപ്പോൾ കിലോമീറ്ററുകൾ ദൂരെയുള്ള തൊടുപുഴയിലെ ഒരു ബാങ്കിൽ കുടുംബശ്രീയുടെ അക്കൗണ്ട് തുടങ്ങിയതിലും ദുരൂഹതയുണ്ട്. ബാങ്ക് അനുവദിക്കുന്ന വായ്പാ തുക ചെയർപേഴ്സനും സഹായിയും ചേർന്ന് ബാങ്കിൽ നിന്ന് നേരിട്ടുവാങ്ങുകയായിരുന്നു. വിശ്വസ്തരായിരുന്നതിനാൽ ബാങ്കുകാർ സംശയിച്ചിരുന്നില്ല. നിരവധി പരാതികൾ വരാൻ തുടങ്ങിയതോടെ കോൺഗ്രസ് ഭാരവാഹിയായിരുന്ന ഇവരെ പാർട്ടിയിൽ നിന്ന് ഒഴിവാക്കി. ദിവസം തോറും തൊഴിലുറപ്പിനും മറ്റും പോയി കിട്ടുന്ന പണത്തിൽ നിന്ന് 50 രൂപ വീതം മിച്ചം വെച്ചാണ് ആഴ്ചതോറും മിക്ക വീട്ടമ്മമാരും നിക്ഷേപത്തിൽ അടച്ചുകൊണ്ടിരുന്നത്. ബാങ്ക് വായ്പ തിരിച്ചടച്ചില്ലെങ്കിൽ ഈ സമ്പാദ്യത്തിൽ നിന്ന് ബാങ്കുകാർ തുക ഈടാക്കും. ഇതിനിടെ പ്രാദേശിക നേതാക്കൾ ഇടപെട്ട് പരാതിക്കാരെ പിന്തിരിപ്പിക്കാൻ ശ്രമം നടത്തുന്നതായും ആരോപണം ഉണ്ട്. സംഭവം വിവാദമായതോടെ കൂടുതൽ പേർ പരാതിയുമായി എത്തി തുടങ്ങി.