ഇടുക്കി: യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. ഡീൻ കുര്യാക്കോസിന് കോതമംഗലം, പൈങ്ങോട്ടൂർ, പോത്താനിക്കാട് മേഖലയിൽ വൻ വരവേൽപ്പ്. രാവിലെ കക്കടാശേരിയിൽ നിന്നാണ് ഡീൻ കുര്യാക്കോസ് സൗഹൃദ സന്ദർശനത്തിന് തുടക്കമിട്ടത്. തുടർന്നു പുന്നമറ്റം, ആയവന, കാലാംപൂര്, പോത്താനിക്കാട്, പൈങ്ങോട്ടൂർ, നേര്യമംഗലം കൃഷി ഫാം, നെല്ലിക്കുഴി എന്നിവിടങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിലും ആരാധനാലയങ്ങളിലും സന്ദർശനം നടത്തി. ഉച്ചയ്ക്കു ശേഷം നേര്യമംഗലത്തെ ജില്ലാ കൃഷി ഫാമിലെത്തിയ സ്ഥാനാർത്ഥിക്ക് മുന്നൂറോളം വരുന്ന തൊഴിലാളികൾ ഹൃദ്യമായ സ്വീകരണമാണ് ഒരുക്കിയത്. അരമണിക്കൂറോളം ഇവിടെ ചെലവിട്ടശേഷം അടുത്ത സ്വീകരണ സ്ഥലമായ കോതമംഗലം എം. എ കോളജിലേയ്ക്ക് നീങ്ങി. എൻജിനിയറിംഗ് ബ്ലോക്കിലെത്തിയ സ്ഥാനാർത്ഥിയെ മാനേജ്‌മെന്റ് പ്രതിനിധികളും അദ്ധ്യാപകരും ചേർന്ന് കോളജിനുള്ളിലേയ്ക്ക് ആനയിച്ചു. തുടർന്നു കോതമംഗലത്തെയും മൂവാറ്റുപുഴയിലെയും വ്യാപാര സ്ഥാപനങ്ങളിൽ സന്ദർശനം നടത്തി.