മറയൂർ: രണ്ട് ആഴ്ചയിലേറെയായി കാടുവിട്ടറങ്ങിയ 20 കാട്ടാനകൾ കാരണം മറയൂർ- കാന്തല്ലൂർ മേഖലയിൽ ജനജീവിതം പൊറുതിമുട്ടിയിരിക്കുകയാണ്. മഴനിഴൽ കാടായ ചിന്നാർ വന്യജീവി സങ്കേതത്തിൽ നിന്നാണ് കാരയൂർ ചന്ദന റിസർവ് വഴി കാട്ടാനകൾ കൃഷിയിടത്തിലേക്കും ജനവാസ കേന്ദ്രത്തിലും എത്തിചേർന്നത്. 400 വർഷത്തെ കുടിയേറ്റ പാരമ്പര്യമുള്ള അഞ്ചുനാടൻ ഗ്രാമങ്ങളിൽ പോലും പകൽ സമയങ്ങളിൽ കാട്ടാനകൾ തമ്പടിച്ചിരിക്കുകയാണ്. രണ്ടാഴ്ച മുമ്പ് കൃഷിയിടങ്ങളിലേക്ക് ഇറങ്ങിയ കാട്ടാനകൾ ഇതേ വരെ കൃഷി ഭൂമി വിട്ട് തിരികെ പോയിട്ടില്ല. കീഴാന്തൂർ മാശി കാന്തല്ലൂർ മാശി എന്നിവിടങ്ങളിൽ ദിനം പ്രതി കൃഷിയിടങ്ങൾ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ശീതകാല വിളകളായ കാരറ്റ്, കാബേജ്, ക്വോളിഫ്ളവർ എന്നിവയ്ക്ക് പുറമേ ഹെക്ടർ കണക്കിന് കരിമ്പ് കൃഷിയും നശിപ്പിക്കുന്നുണ്ട്. ജനവാസ കേന്ദ്രങ്ങളിൽ കാട്ടാനകൾ തമ്പടിച്ചിട്ടുണ്ടെങ്കിലും ഇവയെ വനമേഖലയിലേക്ക് തുരത്താൻ നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
അപകട സാധ്യത ഏറെ
മറയൂർ - കാന്തല്ലൂർ റോഡിൽ വെട്ടുകാട് - സെമാബന്തി ഭാഗത്തെ ഗ്രാന്റീസ് തോട്ടങ്ങളിലാണ് പകൽ സമയങ്ങളിൽ കാട്ടാന തമ്പടിച്ചിരിക്കുന്നത്. ഇവിടെ ഭക്ഷണവും വെള്ളവും തീരെ കുറവായതിനാൽ നിരവധി തവണയാണ് തീറ്റയ്ക്കും വെള്ളത്തിനുമായി കൂട്ടത്തോടെ കൃഷിയിടങ്ങളിലേക്ക് ഇറങ്ങുന്നതിനായി റോഡ് മുറിച്ചുകടക്കുന്നത്. വിനോദ സഞ്ചാരികൾ ഉൾപ്പെടെയുള്ളവർ അവിചാരിതമായി ഇവയുടെ മുന്നിൽപ്പെടാനും ആക്രമിക്കപ്പെടാനും സാധ്യത ഏറെയാണ്. നിരവധി പേരാണ് കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. കാട്ടാനകൾ ആക്രമണകാരികളായി തുടരുന്നുണ്ടെങ്കിലും മറയൂരിലെ വനപാലകർ ഇതൊന്നും അറിഞ്ഞ മട്ടില്ല.