രാജാക്കാട്: പ്രളയകാലത്ത് മലയിടിച്ചിലിൽ പാടേ തകർന്ന പന്നിയാർകുട്ടിയിൽ റോഡ് പണികൾക്കിടെ വൻതോതിൽ മണ്ണിടിഞ്ഞതിനെ തുടർന്ന് ഗതാഗതം നിറുത്തിവച്ചു. പന്നിയാർ പുഴയുടെ തീരത്തിന് സമാന്തരമായി സംരക്ഷണ ഭിത്തി നിർമ്മിക്കുന്നതിനിടെയാണ് മണ്ണിടിച്ചിൽ ഉണ്ടായത്. ഇടിഞ്ഞ് വീഴാറായി നിൽക്കുന്ന മണ്ണ് നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിക്കുന്നതിന് ഒരാഴ്ചയെങ്കിലും വേണ്ടിവരും. ആഗസ്റ്റ് 16നാണ് ജില്ലയിലെ പ്രധാന പാതകളിൽ ഒന്നായ രാജാക്കാട്- പൊൻമുടി- അടിമാലി സംസ്ഥാന പാതയിൽ പന്നിയാർകുട്ടി ഭാഗത്ത് മലയിടിച്ചിൽ ഉണ്ടായത്. ഈ മണ്ണ് നീക്കം ചെയ്ത് ഗതാഗതം താത്കാലികമായി പുനഃസ്ഥാപിച്ചെങ്കിലും പുനർനിർമ്മാണം അടുത്തിടെ മാത്രമാണ് ആരംഭിച്ചത്. ഇതിന്റെ ഭാഗമായി പുഴയിറമ്പിൽ നിന്ന് സംരക്ഷണ ഭിത്തി നിർമ്മിക്കുന്നത് ഉൾപ്പെടെയുള്ള ജോലികൾ നടക്കുന്നതിനിടെ ഇന്നലെ വൈകിട്ട് അഞ്ചോടെ മണ്ണ് നീക്കം ചെയ്ത ഭാഗത്ത് പണിത സംരക്ഷണഭിത്തി ഇടിഞ്ഞു വീഴുകയായിരുന്നു. ടാറിംഗിന്റെ പാതിവരെ ഇടിഞ്ഞ് താണതിനാൽ കൂടുതൽ ഇടിച്ചിലുണ്ടാകുന്നതിനും സാദ്ധ്യതയുണ്ട്. ജോലികൾ അവസാനിപ്പിച്ച് തൊഴിലാളികൾ പിരിഞ്ഞ ശേഷമാണ് അപകടം നടന്നത്. ഇതിനാൽ വൻ ദുരന്തം ഒഴിവായി. പാതയുടെ മറുഭാഗത്ത് മണ്ണിടിച്ചിലുണ്ടായ വശത്ത് പാറപൊട്ടിക്കുന്നുണ്ട്. ഇതിന്റെ ആഘാതം മൂലമാണ് ഇടിച്ചിലുണ്ടായതെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഇടിഞ്ഞ മണ്ണ് പൂർണമായി നീക്കം ചെയ്ത് സംരക്ഷണ ഭിത്തി നിർമ്മിച്ച് ഗതാഗതം പുനഃസ്ഥാപിക്കുന്നതിന് ഒരാഴ്ചയെങ്കിലും വേണ്ടി വരുമെന്ന് അധികൃതർ പറയുന്നു.