പീരുമേട്: ജനവാസകേന്ദ്രമായ കുട്ടിക്കാനത്തിന് സമീപം തുടങ്ങുന്ന ഹോട്ട് ടാർ മിക്സിംഗ് പ്ലാന്റിന് ഹൈക്കോടതി താത്കാലികമായി അനുമതി നൽകി. പ്ലാന്റ് ഉടമകളായ രാജി മാത്യൂ ആന്റ് കമ്പനി നൽകിയ ഹർജിയിലാണ് അനുമതി ലഭിച്ചത്. മഴക്കാലത്തിനു മുമ്പ് ദേശീയപാത റോഡ് നിർമ്മാണം പൂർത്തീകരിക്കണമെന്ന അടിയന്തര സാഹചര്യം കണക്കിലെടുത്ത് പ്ലാന്റ് തുറക്കണമെന്ന ഉടമകളുടെ അഭ്യർത്ഥനയെ തുടർന്നാണ് കോടതി അനുവാദം നൽകിയത്. പീരുമേട്- കുമളി ദേശീയപാതയുടെ നവീകരണ പ്രവർത്തനങ്ങൾ കരാർ എടുത്തിരിക്കുന്നത് രാജി മാത്യൂ ആന്റ് കമ്പനിയാണ്. തേയില തോട്ടത്തിനുള്ളിൽ ഭൂപരിഷ്‌കരണ നിയമത്തിലെ സെക്ഷൻ 81 ലംഘിച്ചതിന് നേരത്തെ ഹൈക്കോടതി സ്റ്റേ നൽകിയിരുന്നു. പ്ലാന്റിനെതിരായ സമരം ശക്തമാക്കാനാണ് പൗരസമിതിയുടെ തീരുമാനം.