ksrtc-crue
ഡ്രൈവർ വി.എം.ഷാജി, കണ്ടകട്ർ മനോജ്

തൊടുപുഴ: നന്മവറ്റാത്ത മനസിന് ഉടമകളായ കെ.എസ്.ആർ.ടി.സി ബസ് ജീവനക്കാരുടെ പട്ടികയിലേക്ക് ഇവർ രണ്ടു പേർ കൂടി. കോട്ടയം - തൊടുപുഴ റൂട്ടിൽ സർവീസ് നടത്തുന്ന ഫാസ്റ്റ് പാസഞ്ചർ ബസിലെ ഡ്രൈവർ വി.എം. ഷാജി, കണ്ടക്ടർ മനോജ് എന്നിവരാണ് നന്മയുടെ പുസ്തകത്താളിൽ ഇടംപിടിച്ച നവാഗതർ. യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരിയുടെ ജീവൻ രക്ഷിക്കാൻ ഫാസ്റ്റ് പാസഞ്ചർ പരമാവധി വേഗതയിലാക്കി ആമ്പുലൻസായി മാറുകയായിരുന്നു. പാല കൊല്ലപ്പള്ളിയിൽ നിന്ന് കയറിയ യാത്രക്കാരി തൊടുപുഴ ബി.എസ്.എൻ.എൽ ഓഫീസിലെ ജീവനക്കാരി കൂടിയായ അമ്മിണി സ്കറിയയ്ക്കാണ് (58) കോലാനിയിൽ എത്തിയപ്പോൾ കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടത്. ഇതേ ബസിലെ സ്ഥിരം യാത്രക്കാരിയായ അമ്മിണിയുടെ അസ്വസ്ഥത മനസിലാക്കിയ ജീവനക്കാർ കോലാനിയിൽ നിന്ന് തൊടുപുഴ സ്റ്റാൻഡിലേക്കുള്ള യാത്ര വഴിമാറ്റി ചാഴിക്കാട് ആശുപത്രിയിലേക്ക് തിരിച്ചുവിടുകയായിരുന്നു. ഹെഡ് ലൈറ്റ് പ്രകാശിപ്പിച്ച് ഹോൺ മുഴക്കി പരമാവധി വേഗത്തിൽ അവരെ ആശുപത്രിയിൽ എത്തിച്ചു. രോഗിയെ ആശുപത്രിയിൽ എത്തിച്ചശേഷം അവർ തിരികെ പോയില്ല. പകരം ബസ് ഒതുക്കിനിറുത്തി അന്നമ്മയ്ക്ക് മെച്ചപ്പെട്ട ചികിത്സ ലഭിക്കുംവരെ ഷാജിയും മനോജും കാത്തിരുന്നു. എന്നാൽ അവരുടെ കഷ്ടപാടുകളെല്ലാം നിഷ്ഫലമാക്കി അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച രോഗി താമസിയാതെ മരണത്തിന് കീഴടങ്ങി.