ചെറുതോണി: ചെറുതോണി അണക്കെട്ടിന് സമീപം വൈശാലിപാറയിൽ നിന്ന് പുഴയിലേയ്ക്ക് വീണ് മ്ലാവിന് പരിക്കേറ്റു. തുടർന്ന് മ്ലാവിനെ നഗരംപാറ റെയിഞ്ചാഫീസിന് സമീപമുള്ള റെസ്‌ക്യൂ ഹോമിൽ പ്രവേശിപ്പിച്ചു. എട്ട് വയസ് പ്രായം തോന്നിക്കുന്ന ആൺ മ്ലാവാണ് അപകടത്തിൽപ്പെട്ടത്. വ്യാഴാഴ്ച രാത്രിയിലാണ് ചെറുതോണി അണക്കെട്ടിന് സമീപമുള്ള വൈശാലിപാറയിൽ നിന്ന് മ്ലാവ് താഴേക്ക് വീണത്. പുഴയിൽ നിന്ന് വെള്ളം കുടിക്കാൻ ഇറങ്ങുമ്പോൾ വീണതാണെന്ന് കരുതുന്നു. മുമ്പും ഈ മ്ലാവിന് പരിക്ക് പറ്റിയിട്ടുണ്ട്. ഒരുകാൽ ഒടിയുകയും ഒരുകൊമ്പ് നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്. വ്യാഴാഴ്ചത്തെ വീഴ്ചയിൽ ബാക്കിയുണ്ടായിരുന്ന കൊമ്പും ഒടിഞ്ഞു. മ്ലാവിന്റെ കാലൊടിഞ്ഞതിനാൽ ക്ഷീണിതനായ മ്ലാവ് മുടന്തിയാണ് നടന്നിരുന്നത്. ഇതിന് ഇരുന്നൂറ് കിലോയോളം തൂക്കമുണ്ടാകുമെന്ന് വനപാലകർ പറഞ്ഞു. ഇന്നലെ രാവിലെയാണ് മ്ലാവിനെ ആറ്റിൽ നിന്ന് വാഹനത്തിൽ റെസ്‌ക്യൂ ഹോമിലേയ്ക്ക് മാറ്റിയത്. വാഴത്തോപ്പ് മൃഗാശുപത്രിയിലെ ഡോക്ടറെത്തി ചികിത്സ ആരംഭിച്ചു. കാലൊടിഞ്ഞതു കൂടാതെ ശരീരത്തിൽ പാറയിലൂടെ ഊർന്നിറങ്ങിയതുമൂലമുള്ള പരിക്കുകളുമുണ്ട്. ചികിത്സ ഇന്നും തുടരും. ആവശ്യമെങ്കിൽ കൂടുതൽ ചികിത്സ നൽകുമെന്ന് റെയിഞ്ചാഫീസർ ആർ. ഹരികുമാർ, ഡെപ്യൂട്ടി റെയിഞ്ചാഫീസർ ജോജി എം.ജേക്കബ് എന്നിവർ പറഞ്ഞു.