മുട്ടം: വാഹന പരിശോധനയ്ക്കിടെ മുട്ടം സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥന് ബൈക്കിടിച്ച് പരിക്ക്. സിവിൽ പൊലീസുകാരനായ ദീപക്കിനാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ട് അഞ്ചിന് മുട്ടം എൻജിനിയറിംഗ് കോളേജിന് സമീപമായിരുന്നു സംഭവം. മൂലമറ്റം സെന്റ് ജോസഫ് കോളേജ് വിദ്യാർത്ഥികളായ അനന്ദു, വിഷ്ണു എന്നിവർ സഞ്ചരിച്ചിരുന്ന ബൈക്ക് പൊലീസ് കൈകാണിച്ചിട്ടും നിറുത്താതെ വെട്ടിച്ച് കടന്ന് പോകാൻ ശ്രമിക്കുന്നതിനിടെ ദീപക്കിനെ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ ദീപക്കിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോളേജ് സമയങ്ങളിൽ വിദ്യാർത്ഥികൾ അമിത വേഗതയിലാണ് ബൈക്കിൽ സഞ്ചരിക്കുന്നതെന്ന പരാതി നേരത്തെയുണ്ട്. വിദ്യാർത്ഥികളെയും ഇടിച്ച ബൈക്കും മുട്ടം എസ്.ഐ സ്വരൂപ് കസ്റ്റഡിയിലെടുത്തു. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും.