ഇടുക്കി: ഔദ്യോഗിക പ്റഖ്യാപനം ഉണ്ടായില്ലെങ്കിലും എൻ.ഡി.എ സ്ഥാനാർത്ഥിത്വം ഉറപ്പിച്ച ബിജു കൃഷ്ണനും ഇടുക്കി മണ്ഡലത്തിൽ സജീവമായി രംഗത്തുണ്ട്. മുൻ ജില്ലാ പഞ്ചായത്ത് അംഗം, എസ്.എൻ.ഡി.പി യോഗം തൊടുപുഴ യൂണിയൻ മുൻ സെക്രട്ടറി തുടങ്ങിയ നിലകളിലുള്ല പൊതുപ്രവർത്തന പരിചയമാണ് പ്രധാന കൈമുതൽ. നാട്ടിലെ വിപുലമായ സൗഹൃദങ്ങളും വ്യക്തബന്ധങ്ങളും പുതുക്കുന്നതിനൊപ്പം ഘടകകക്ഷി നേതാക്കളെയും പ്രവർത്തകരെയും നേരിട്ടുകണ്ട് പിന്തുണതേടുന്ന തിരക്കിലായിരുന്നു ഇതുവരെ. ബി.ജെ.പി, ബി.ഡി.ജെ.എസ് പാർട്ടികൾ ഇതിനോടകം ജില്ല, നിയോജകമണ്ഡലം, പഞ്ചായത്ത് തലത്തിലും ലോക്സഭാ മണ്ഡലം തലത്തിലും സംഘടനാസംവിധാനം ശക്തിപ്പെടുത്തുന്നതിനുള്ള പരിപാടികൾ പൂർത്തിയാക്കി തിരഞ്ഞെടുപ്പിനെ നേരിടാൻ സുസജ്ജമായിരിക്കുകയാണ്. മിക്കവാറും എല്ലാ യോഗങ്ങളിലും സ്ഥാനാർത്ഥിയുടെ സാമിപ്യവുമുണ്ടായിരുന്നു. പോസ്റ്ററും പ്രസ്താവനയും അടക്കമുള്ള പ്രചരണോപാധികളെല്ലാം അണിയറയിൽ തയ്യാറായിക്കഴിഞ്ഞു. ചില സ്ഥലങ്ങളിൽ ചുവരെഴുത്തുകളും നടത്തിയിട്ടുണ്ട്. ഔദ്യോഗിക പ്റഖ്യാപനം വന്നാലുടൻ വിവിധതലത്തിൽ കൺവെൻഷനുകൾ നടത്തി പൂർണതോതിലുള്ള പ്രചാരണപ്രവർത്തനങ്ങൾ ആരംഭിക്കാനാണ് നീക്കം. 28ന് ഉച്ചയ്ക്ക് രണ്ടിന് തൊടുപുഴ ഷെറോൺ ആഡിറ്ററിയത്തിൽ പാർലമെന്റ് മണ്ഡലം കൺവെഷൻ നടത്തും. കഴിഞ്ഞ ദിവസങ്ങളിൽ ചെറുതോണി, ഇടുക്കി, കട്ടപ്പന, കോതമംഗലം, തൃക്കാരിയൂർ മേഖലയിൽ സ്ഥാനാർത്ഥി സന്ദർശിച്ചു. കേന്ദ്രത്തിലെ നരേന്ദ്രമോദി ഭരണത്തിന്റെ സത്ഫലങ്ങൾക്കൊപ്പം കേരളത്തിലെ ഇടതുമുന്നണി സർക്കാർ ഇടുക്കിയിലെ മലയോര കർഷകരോട് കാട്ടുന്ന വിവേചനവും വാഗ്ദാന ലംഘനവും എൻ.ഡി.എയ്ക്ക് അനുകൂലമായി വോട്ടാകുമെന്നാണ് പ്രതീക്ഷയെന്ന് ബിജു കൃഷ്ണൻ പറഞ്ഞു.